മൂന്നാറിൽ ആനപ്പോര്
1507825
Thursday, January 23, 2025 11:53 PM IST
മൂന്നാർ: കാട്ടാനകൾ ജനവാസ മേഖലകൾ കീഴടക്കി വരുന്നതിനു പുറമേ ആനകൾ പരസ്പരം കൊന്പുകോർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലെ മാലിന്യ നിർമാർജന പ്ലാന്റിലാണ് കാട്ടു കൊന്പൻമാർ കൊന്പു കോർത്തത്. പരസ്പരം ചിന്നം വിളിച്ച് കൊന്പുകോർത്തതോടെ പ്രദേശത്ത് ഭീകരാന്തരീക്ഷമായി.
ശുചീകരണ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തായിരുന്നു ആനകളുടെ പോര്. പടയപ്പ, ഒറ്റക്കൊന്പൻ തുടങ്ങിയ കൊന്പൻമാർ ഉൾപ്പെടെയുള്ള ആനകൾ സ്ഥിരം താവളമാക്കാറുള്ള പ്ലാന്റിലെ തൊഴിലാളികൾക്ക് ആനസാന്നിധ്യം വലിയ ഭീഷണിയാണ്. ഏതാനും മാസങ്ങൾക്കു മുന്പ് നയമക്കാട് എസ്റ്റേറ്റിൽ പടയപ്പയും ഒറ്റക്കൊന്പനും ഏറ്റുമുട്ടിയിരുന്നു. രണ്ടു മാസം മുന്പ് മാലിന്യ നിർമാർജന പ്ലാന്റിൽ എത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.