ഓർമയായത് നിയമരംഗത്തെ കുലപതി
1496151
Friday, January 17, 2025 11:25 PM IST
തൊടുപുഴ: സീനിയർ അഭിഭാഷകനും തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റുമായിരുന്ന തൊടുപുഴ മുണ്ടക്കാട്ട് എം.എം. തോമസിന്റെ മരണ ത്തിലൂടെ നഷ്ടമായത് നിയമരംഗത്തെ പ്രഗത്ഭനെ.
അഞ്ചര പതിറ്റാണ്ടിലേറെ അഭിഭാഷകരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ഇദ്ദേഹം തൊടുപുഴയിലെ പ്രമുഖ അഭിഭാഷകനായ ദേവസ്യ കാപ്പന്റെ ജൂണിയറായായാണ് പ്രാക്ടീസ് ആരംഭിച്ചത്. തുടങ്ങനാട് സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പാലാ സെന്റ് തോമസ്, മൂവാറ്റുപുഴ നിർമല, തൃശൂർ സെന്റ് തോമസ്, ചേർത്തല എസ്എൻ എന്നീ കോളജുകളിൽ തുടർപഠനവും എറണാകുളം ലോ കോളജിൽനിന്നു നിയമപഠനവും പൂർത്തിയാക്കി. തുടർന്നു സർക്കാർ സർവീസിൽ ഒരു വർഷം ജോലി ചെയ്തു.
മൂവാറ്റുപുഴ നിർമല കോളജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞത്. നിയമരംഗത്തെ പാണ്ഡിത്യവും കർമകുശലതയും കൊണ്ട് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ശ്രദ്ധേയനായി മാറി. കർഷകകുടുംബമായ തുടങ്ങനാട് മുണ്ടക്കാട്ട് പരേതരായ മത്തായി മാത്യു-ഏലി ദന്പതികളുടെ പത്തു മക്കളിൽ എട്ടാമനായി ജനിച്ച തോമസ് കഠിനാധ്വാനത്തിലൂടെയാണ് ജീവിത വിജയം സ്വന്തമാക്കിയത്.
സിവിൽ, ക്രിമിനൽ കേസുകൾ വാദിച്ച് വിജയിപ്പിക്കാൻ അസാധാരണമായ പാടവം ഇദ്ദേഹത്തിനുണ്ടായിരുന്നു. 200-ഓളം ജൂണിയർ അഭിഭാഷകർ ഇദ്ദേഹത്തിനു കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്.
മുൻസിഫ്, ജില്ലാ ജഡ്ജിമാർ, ഹൈക്കോടതി ജഡ്ജിയുൾപ്പെടെ ഇദ്ദേഹത്തിന്റെ കർമമണ്ഡലത്തിൽ ഉൾപ്പെടുന്നവർ ഏറെയാണ്.
തൊടുപുഴ നഗരസഭാ മുൻ കൗണ്‍സിലറും ന്യൂമാൻ കോളജ് റിട്ട. അധ്യാപികയുമായ പ്രഫ. കൊച്ചുത്രേസ്യ തോമസാണ് ഭാര്യ. മക്കൾ: അജയ് തോമസ് (ജനറൽ മാനേജർ, കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക്), അഡ്വ. അരുണ്‍ തോമസ്, ഡോ. അനീഷ് തോമസ് (വെയിൽസ്).