താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ
1496140
Friday, January 17, 2025 11:25 PM IST
നെടുങ്കണ്ടം: ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നുമില്ലാതെ അവതാളത്തിലായ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് രാവിലെ 11ന് ആശുപത്രിയുടെ മുമ്പില്‍ ധര്‍ണാസമരം നടത്തുമെന്ന് ബ്ലോക്ക് പ്രസിഡന്റ്് സി.എസ്. യശോധരന് അറിയിച്ചു.
ആകെ 26 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് പകുതിയോളം ഡോക്ടര്‍മാര്‍ പോലും നിലവിലില്ല. കാഷ്വാലിറ്റിയില്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്മാരുണ്ടാകേണ്ട സ്ഥാനത്ത് ഒരാള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. സ്പെഷാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍ നാമമാത്രമായേ പ്രവര്‍ത്തിക്കുന്നുള്ളു.
സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ദിവസവും എട്ട് മണിക്കൂര്‍ ലഭ്യമാക്കണമെന്നാണ് നിബന്ധനയെങ്കിലും മിക്കവരും രാവിലെ ഒമ്പതരയ്ക്കും പത്തിനും എത്തിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് പടിയിറങ്ങും. സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ സ്ഥിരമായി അവധിയെടുക്കുന്നതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി വിഭാഗത്തിലെ പ്രധാന ഡോക്ടര്‍ സ്ഥലംമാറി പോയതിനാൽ രോഗികള്‍ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുമാരെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. നേത്രവിഭാഗം ഡോക്ടര്‍ വല്ലപ്പോഴും മാത്രമേ ഡ്യൂട്ടിക്കെത്താറുള്ളു. ആവശ്യത്തിന് നഴ്സിംഗ് സ്റ്റാഫുമില്ല.
ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കാത്തത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ വിലയുള്ള യന്ത്രസാമഗ്രികള്‍ സൗജന്യമായി ലഭിച്ചിട്ടും അവ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരെ നിയമിക്കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.
പാരാസെറ്റാമോളും ഗ്ലൂക്കോസുമല്ലാതെ വിലയുള്ള ഒരു മരുന്നും ഇവിടത്തെ ഫാര്‍മസിയില്‍ ലഭ്യമല്ല. ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകളില്‍ മുക്കാല്‍ പങ്കിലധികവും പുറത്തുനിന്നു വന്‍വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍.
മലനാട്ടിലെ സാധാരണക്കാര്‍ക്ക് ഏക ആശ്രയമായ ഈ ആതുരാലയത്തിന്റെ ഇന്നത്തെ ദുഃസ്ഥിതിക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ തുടർസമരങ്ങൾ നടത്തുമെന്നും യശോധരൻ വ്യക്തമാക്കി.