തോപ്രാംകുടി ബാങ്കിനു മുന്നിൽ നിക്ഷേപകന്റെ സമരം
1496143
Friday, January 17, 2025 11:25 PM IST
ചെറുതോണി: നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് ബാങ്കിനു മുന്നിൽ നിക്ഷേപകന്റെ സത്യഗ്രഹ സമരം. തോപ്രാംകുടി കനകക്കുന്ന് സ്വദേശി പടലാംകുന്നേൽ ജോസാണ് തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ സമരം ചെയ്തത്. 8,50,000 രൂപ നിക്ഷേപത്തുക ലഭിക്കാനുണ്ടെന്നാണ് ജോസ് പറയുന്നത്. മാസങ്ങളായി ബാങ്കിൽ കയറിയിറങ്ങിയിട്ടും ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
ഡിസംബർ 30ന് തുക നൽകാമെന്ന് ബാങ്ക് അധികൃതർ മുൻപ് പറഞ്ഞിരുന്നു. 30ന് ബാങ്കിലെത്തിയപ്പോഴും തുക ലഭിച്ചില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടർച്ചയായി ബാങ്കിലെത്തിയിട്ടും പണം എപ്പോൾ നൽകാമെന്ന് കൃത്യമായ മറുപടി ബാങ്ക് അധികൃതർ നൽകുന്നില്ലെന്നുമാണ് ജോസ് പറയുന്നത്.
രാവിലെതന്നെ ബാങ്കിലെത്തിയ ജോസ് പ്രസിഡന്റിനെയും സെക്രട്ടറിയെയും കാണാത്തതിനെത്തുടർന്ന് ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും ഫോൺ എടുത്തില്ല. സംഭവം അറിഞ്ഞെത്തിയ മുരിക്കാശേരി സിഐ കെ.എം. സന്തോഷ് കുമാർ ഏറെ നേരം നിക്ഷേപകനുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ തത്കാലം സമരം അവസാനിപ്പിക്കാൻ ഇയാൾ തയാറാകുകയായിരുന്നു.
പ്രശ്ന പരിഹാരത്തിനായി ഇടപെടാമെന്ന സിഐയുടെ ഉറപ്പിലുമാണ് ജോസ് ബാങ്കിൽനിന്ന് ഇറങ്ങിപ്പോയത്. കഴിഞ്ഞ ആഴ്ചകളിലും ഇത്തരത്തിൽ സമാനമായ സംഭവങ്ങൾ തോപ്രാംകുടി ബാങ്കിൽ അരങ്ങേറിയിരുന്നു.
നിക്ഷേപകരെ പറഞ്ഞ് സമാധാനിപ്പിച്ചും കടുത്ത നിലപാടുകൾ സ്വീകരിച്ച നിക്ഷേപകർക്ക് രാത്രി ഏറെ വൈകി പൂർണമായി തുക നൽകിയും പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു.
കോടിക്കണക്കിന് രൂപ നിക്ഷേപകർക്കായി ബാങ്ക് തിരികേ നൽകാനുണ്ടെന്നാണ് പറയപ്പെടുന്നത്.