അന്യസംസ്ഥാനങ്ങളിൽനിന്നു വരവു കുറഞ്ഞു; നേന്ത്രക്കായ വിലയിൽ വർധന
1496150
Friday, January 17, 2025 11:25 PM IST
തൊടുപുഴ: വിപണിയിൽ നേന്ത്രക്കായ വില കൂടിയത് കർഷകർക്ക് ആശ്വാസമായി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഉത്പന്നത്തിന്റെ വരവു കുറഞ്ഞതോടെയാണ് നേന്ത്രക്കായ വില ഉയർന്നുതുടങ്ങിയത്. വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചതും സീസണ് അവസാനിച്ചതുമാണ് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നേന്ത്രക്കായയുടെ വരവു കുറയാൻ കാരണം.
കിലോയ്ക്ക് 68 രൂപയാണ് തൊടുപുഴ മാർക്കറ്റിൽ നേന്ത്രക്കായയുടെ മൊത്ത വില. കടകളിൽ എത്തുന്പോൾ പച്ചക്കായയ്ക്കു കിലോയ്ക്ക് 70 മുതൽ 75 രൂപ വരെ കൊടുക്കണം. പൊതു മാർക്കറ്റുകളിൽ ഏത്തപ്പഴം കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയാണ് വില. നല്ലയിനം കായാണെങ്കിൽ 100 രൂപയ്ക്കാണ് വിൽക്കുന്നത്. വിഎഫ്പിസികെയുടെ കർഷകവിപണികളിൽ കർഷകർ എത്തിക്കുന്ന നേന്ത്രക്കുലകൾക്ക് കിലോയ്ക്ക് 60 മുതൽ 62 വരെ വില ലഭിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ മേട്ടുപ്പാളയം, നാഗർകോവിൽ, കർണാടകയിലെ മൈസൂർ, കേരളത്തിൽ വയനാട് എന്നിവിടങ്ങളിൽനിന്നാണ് വ്യാപകമായി ഏത്തക്കുലകൾ എത്തിച്ചിരുന്നത്. ഇവിടെയെല്ലാം ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം.
പ്രകൃതിക്ഷോഭമാണ് ഇവിടെ കൃഷിക്ക് വിനയായത്. മേട്ടുപ്പാളയത്തുനിന്നും കുലകൾ എത്തുന്നുണ്ടെങ്കിലും വരവു കുറഞ്ഞതിനാൽ കൂടുതൽ വില നൽകേണ്ടി വരുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ഏത്തക്കുലകളുടെ വരവു കുറഞ്ഞതിനു പിന്നാലെ കൃഷി ചെയ്യാനുള്ള വാഴവിത്തുകളുടെ വരവും ഗണ്യമായി കുറഞ്ഞു. വാഴകൃഷിയുടെ സീസണ് ആരംഭിക്കുന്നതിനു മുന്നോടിയായി ഓരോ വർഷവും ലക്ഷക്കണക്കിന് വാഴവിത്തുകളാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയിരുന്നത്. എന്നാൽ വാഴകൃഷി ഇവിടെ വൻതോതിൽ നശിച്ചതോടെയാണ് വാഴവിത്തുകളുടെ വരവും കുറഞ്ഞത്. 18 മുതൽ 20 വരെയാണ് വിപണിയിൽ വാഴവിത്തുകളുടെ വില.
ജില്ലയിലും വ്യാപകമായ തോതിൽ നേരത്തെ വാഴകൃഷി ചെയ്തുവന്നിരുന്നെങ്കിലും ഇപ്പോൾ കർഷകർ ഇതിൽനിന്നു പിന്നാക്കം പോകുന്ന അവസ്ഥയാണ്. 369 ഹെക്ടർ സ്ഥലത്തെ 6,43,678 വാഴയാണ് കഴിഞ്ഞ വർഷം കാറ്റിലും മഴയിലും വരൾച്ചയിലും നശിച്ചത്.
2925 കർഷകർ ഏറെ പ്രതീക്ഷയർപ്പിച്ച് ചെയ്ത കൃഷിയാണ് വ്യാപകമായി കെടുതിക്കിരയായത്. ഇത്തരത്തിൽ ഓരോ വർഷവും കൃഷിനാശം പതിവായതോടെയാണ് വാഴകൃഷിയുടെ വ്യാപനം കുറഞ്ഞത്.
വില ഉയർന്നതോടെ ഇത്തവണ കൂടുതൽ കർഷകർ വാഴ കൃഷിയിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ പ്രധാന സീസണായ ഓണക്കാലത്ത് കൂടുതലായി ഏത്തക്കായകൾ വിപണിയിൽ എത്തിക്കാൻ കഴിയില്ലെന്നും സൂചനയുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് കർഷകർക്ക് തിരിച്ചടി നൽകി ഏത്തക്കായ വില കുത്തനെ കുറഞ്ഞിരുന്നു. ഇത്തവണ സീസണിൽ വില ഉയർന്നുനിന്നാൽ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.