നവജാത ശിശുവിന്റ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു
1496142
Friday, January 17, 2025 11:25 PM IST
കുമളി: കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ പിഴവാണ് കാരണമെന്ന കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് മൃതദേഹം കല്ലറയിൽനിന്നു പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു.
കുമളി ആറാംമൈൽ സ്വദേശികളായ ദന്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഗർഭിണിയെ അവസാന വട്ട സ്കാനിംഗിനായി കുമളിയിലെ ആശുപത്രിയിൽ കഴിഞ്ഞ ഒൻപതിനാണ് അഡ്മിറ്റ് ചെയ്തത്. ഗർഭപാത്രത്തിൽ കുഞ്ഞ് തിരിഞ്ഞുകിടക്കുന്നതിനാൽ പതിനൊന്നിന് ശസ്ത്രക്രിയ നടത്താൻ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു.
10ന് രാവിലെ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞുവരുന്നതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കുഞ്ഞിനെ മരിച്ചനിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് കുമളി ലൂർദ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
കുഞ്ഞിന്റെ മരണകാരണം ആശുപത്രി അധികൃതർ വ്യക്തമാക്കുന്നില്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ കുമളി പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് സബ് കളക്ടർ അനൂപ് ഗാർഗെയുടെ നേതൃത്വത്തിൽ ഫോറൻസിക് സംഘം കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.