അയ്യപ്പഭക്തരുടെ മിനിബസ് മറിഞ്ഞ് 22 പേർക്ക് പരിക്ക്
1495559
Thursday, January 16, 2025 12:20 AM IST
മൂലമറ്റം: മകരജ്യോതി കണ്ട് മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണ്. കാഞ്ഞാർ-വാഗമണ് റൂട്ടിൽ പുത്തേടിന് സമീപമുള്ള കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട് നൂറടിയോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു അപകടം.
ബംഗളുരുവിൽനിന്നെത്തിയ കർണാടക സ്വദേശികളായ അയ്യപ്പഭക്തരാണ് അപകടത്തിൽപ്പെട്ടത്. മൂന്നു കുട്ടികളടക്കം 22 അയ്യപ്പഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബംഗളൂരു ഭയരവേശ്വര സ്വദേശികളായ ഡ്രൈവർ നവീൻ (35), വിശ്വനാഥ് (32), ചെന്നപ്പ(52) എന്നിവരാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. പ്രശാന്ത് (35), ടി. ഗോപാൽ കൃഷ്ണ (56), സുനിൽകുമാർ (42), മഹേഷ്ഷെട്ടി (60), തേജസ്വനി (8), രാമഗൗഡ (50), ശ്രീനിവാസ് രവി (8), നാഗരാജ് (52), ചിന്മയ് (14), മുനിരാജു (34), എം.പി. മല്ലേഷ് (46) അഭിഷേക് (23), എസ്. രാമ (47), രാഘവേന്ദ് ര(27), പ്രകേഷ് (55), എർണാ ദിലീപ് (20), മഹേന്ദർ (43), ബാലചന്ദ്രൻ (37), കാർത്തിക് (21) എന്നിവരാണ് മൂലമറ്റത്തെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ശബരിമല ദർശനത്തിനു ശേഷം പുല്ലുമേടിലെത്തി മകരവിളക്ക് കണ്ട് മടങ്ങുകയായിരുന്ന സംഘം വഴി തെറ്റിയതിനെത്തുടർന്നാണ് വാഗമണ് വഴി കാഞ്ഞാറിന് തിരിച്ചത്. വലിയ ഇറക്കത്തിൽ നിയന്ത്രണം വിട്ടതോടെ വാഹനം താഴേക്കു പതിക്കുകയായിരുന്നു. മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് മറിയാതെ വൻ ദുരന്തം ഒഴിവായി.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് കാഞ്ഞാർ പോലീസും മൂലമറ്റം, തൊടുപുഴ സ്റ്റേഷനുകളിൽനിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി. വിവിധ സ്ഥലങ്ങളിൽനിന്നായി 15 ഓളം ആംബുലൻസുകളും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. മൂലമറ്റത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. ചികിത്സയ്ക്കു ശേഷം ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പരിഭ്രാന്തി പടർത്തി അപകടം
രാവിലെ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ട വിവരം കാട്ടുതീ പോലെ പടർന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. കൊക്കയിലേക്ക് വാഹനം മറിഞ്ഞെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഇതോടെ കാഞ്ഞാർ പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തേക്ക് കുതിച്ചെത്തി. മറ്റു വാഹനങ്ങൾക്കു പുറമേ സമീപപ്രദേശങ്ങളിൽ നിന്നുള്ള പതിനഞ്ചോളം ആംബുലൻസുകളും പരിക്കേറ്റവരെ കൊണ്ടുപോകാനായി സ്ഥലത്തെത്തിച്ചു.
കൂടുതൽ പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന വിവരം പുറത്തുവന്നതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. ഇതിനിടെ വാഹനം മറിഞ്ഞതിനെത്തുടർന്ന് പുറത്തേക്ക് ചാടിയതിനാലാണ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റതെന്നു പറയുന്നു. കുത്തിറക്കിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
സുരക്ഷയില്ലാതെ കാഞ്ഞാർ-പുള്ളിക്കാനം റോഡ്
നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണെങ്കിലും കാഞ്ഞാർ-പുള്ളിക്കാനം റൂട്ടിൽ കാര്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്ത സ്ഥിതിയാണുള്ളത്. ഏതാനും നാളുകൾക്ക് മുന്പ് പുത്തേട് മറ്റൊരു വാഹനവും മറിഞ്ഞ് അപകടമുണ്ടായിരുന്നു. വിനോദസഞ്ചാരികളുടെ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിത്യേന സഞ്ചരിക്കുന്ന ഈ റൂട്ടിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവു സംഭവമാണ്.
വീതിക്കുറവുള്ള റോഡിന്റെ പല ഭാഗത്തും അപകടവളവുകളും കുത്തിറക്കവുമാണ്. എന്നാൽ ഇവിടെയൊന്നും മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. അടുത്ത നാളിൽ വളവുകൾ മുന്നറിയിപ്പു നൽകുന്ന സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അപകടം പതിയിരിക്കുന്ന സ്ഥലങ്ങളിൽ ബലമുള്ള ക്രാഷ് ബാരിയറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഒട്ടേറെ സഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിക്കുന്ന പുത്തേട് വ്യൂ പോയിന്റിലാണ് ആദ്യം ക്രാഷ് ബാരിയറും സുരക്ഷാവേലിയും ആവശ്യമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെനിന്നു വീണ് കരിങ്കുന്നം സ്വദേശിയായ യുവാവ് മരിച്ചിരുന്നു.