വീടിനു മുമ്പില്‍ മാലിന്യങ്ങള്‍ തള്ളി
1495388
Wednesday, January 15, 2025 6:27 AM IST
നെടുങ്കണ്ടം: തനിച്ച് താമസിക്കുന്ന വീട്ടമ്മയുടെ വീടിന് മുമ്പില്‍ മാലിന്യങ്ങള്‍ തള്ളിയതായി പരാതി. നെടുങ്കണ്ടം എസ്എന്‍ഡിപി ജംഗ്ഷന് സമീപം താമസിക്കുന്ന കരിമുട്ടത്ത് സ്മിതയുടെ വീടിന് മുമ്പിലാണ് ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളിയത്. ഇന്നലെ രാവിലെ അഞ്ചരയോടെ ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് സ്മിത നോക്കിയപ്പോഴാണ് മാലിന്യങ്ങള്‍ കണ്ടത്.
മുന്‍വശത്തെ വാതിലിലും സിറ്റൗട്ടിലും പടിക്കെട്ടുകളിലും മാലിന്യം ഒഴുക്കിയ നിലയിലാണ്. പഴകിയ പൊറോട്ട, പഴകിയ ഇറച്ചി ഉള്‍പ്പെടെയുള്ള കറികള്‍ തുടങ്ങിയ ഹോട്ടല്‍ മാലിന്യങ്ങളാണ് ഇവിടെ തള്ളിയത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്ക് താമസിക്കുകയാണ് ഇവര്‍.
തന്നോടുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് ഭര്‍ത്താവാണ് മാലിന്യങ്ങള്‍ ഇട്ടതെന്ന് സംശയിക്കുന്നതായി സ്മിത പറഞ്ഞു. സംഭവം സംബന്ധിച്ച് ഇവര്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്കി.