മകന്റെ കൊലപാതകം: പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
1495572
Thursday, January 16, 2025 12:20 AM IST
നെടുങ്കണ്ടം: രാമക്കൽമേട്ടിൽ മകനെ മർദിച്ചു കൊലപ്പെടുത്തിയ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാമക്കൽമേട് ചക്കക്കാനം പുത്തൻവീട്ടിൽ ഗംഗാധരൻ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവ് രവീന്ദ്രനാണ് (79) അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അമിതമായി മദ്യപിച്ചു വീട്ടിൽ എത്തിയ ഗംഗാധരൻ പിതാവ് രവീന്ദ്രനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് രവീന്ദ്രനും ഭാര്യയും ഉറങ്ങാൻ പോയി. ഈ സമയം ഭക്ഷണം കഴിച്ചശേഷം ഗംഗാധരൻ കിടപ്പുമുറിയിലെത്തി കിടക്കുകയും മൊബൈൽ ഫോണിൽ പാട്ടുവയ്ക്കുകയും ചെയ്തു.
മദ്യലഹരിയിൽ ആയിരുന്ന ഇയാൾ അല്പസമയത്തിനകം ഉറങ്ങിപ്പോയി. എന്നാൽ പാട്ട് നിർത്തിയിരുന്നില്ല.
രവീന്ദ്രൻ പലതവണ പാട്ട് നിർത്തുവാൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതിരുന്നതോടെ പിതാവ് ഗംഗാധരന്റെ മുറിയിൽ എത്തി കാപ്പി വടിക്ക് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിലത്തുവീണ ഗംഗാധരന്റെ തലയിൽനിന്നും രക്തം വാർന്നായിരുന്നു മരണം.
ഏറെ സമയത്തിന് ശേഷം മകൻ ബോധരഹിതനായി കിടക്കുന്നതായി ഇയാൾ അയൽവാസികളെ അറിയിച്ചു.
മുറ്റത്ത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോയ മകൻ മെറ്റലിൽ തലയിടിച്ച് വീണതാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്.
എന്നാൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ ഡ്രൈവറോടും ആശുപത്രിയിലെ ഒരു ഡോക്ടറോടും താൻ വടി ഉപയോഗിച്ച് അടിച്ചിരുന്നതായി വെളിപ്പെടുത്തുകയായിരുന്നു.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വടികൊണ്ട് തലയുടെ വലതുഭാഗത്ത് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
ഇതോടെയാണ് രവീന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.