ഹൈറേഞ്ചിന്റെ ഫുട്ബോൾ കോച്ച് യാസിൻ വിടവാങ്ങി
1496141
Friday, January 17, 2025 11:25 PM IST
കുമളി: പുതുതലമുറയ്ക്ക് ഫുട്ബോൾ തലയിലേറ്റി അവരെ ഉയരങ്ങളിലേക്ക് സ്വപ്നം കാണാൻ പഠിപ്പിച്ചിരുന്ന കുമളി കാലാപ്പള്ളി കെ.ജെ. യാസിൻ കുമളിക്കരയെ കണ്ണീരിലാക്കി ലോകത്തോട് വിട പറഞ്ഞു. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
വ്യാഴാഴ്ച വൈകുന്നേരം സുഹൃത്തുക്കളുമായി ഒത്തുചേർന്നപ്പോഴും ഫുട്ബോളിനേപ്പറ്റിയാണ് യാസിൻ സംസാരിച്ചിരുന്നതെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. മാസ്റ്റർ പീസ് ഫുട്ബോൾ അക്കാഡമി തന്നെ യാസിൻ കുട്ടികൾക്കായി രൂപീകരിച്ചു. അക്കാഡമി എല്ലാ വർഷവും ഫുട്ബോൾ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
ചെറുപ്പം മുതൽ കാലിൽ ബൂട്ട് കെട്ടി മുതിർന്നവരുടെ കൂടെ കളിച്ചിരുന്ന യാസിന്റെ ഫുട്ബോളിലുള്ള മികവ് ഏവരിൽനിന്നും വ്യത്യസ്തനാക്കി. മികച്ച താരങ്ങളുടെ ടെക്നിക്കുകൾ വീഡിയോകളിൽനിന്ന് യാസിൻ മനസിലാക്കി. ഫുട്ബോൾ അക്കാഡമി സ്ഥാപിച്ച് നൂറുകണക്കിന് കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിച്ചു. യാസിൻ പരിശീലിപ്പിച്ച കുട്ടികൾ പോലീസ്, എക്സൈസ് വകുപ്പുകളിലും ഇടം നേടി.
അദ്ദേഹം പരിശീലിപ്പിച്ച സ്കൂൾ ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം പൊതു ദർശനത്തിനു വച്ചത് നാടിന്റെ ആദരവായി മാറി. പിതാവിന്റെ കൂടെ ഫുട്ബോൾ കളരിയിലിറങ്ങിയ മകൻ അബുതാഹിർ മിലിട്ടറിയിലാണ്. മറ്റൊരു മകൻ അബിയാസിനും മകൾ ആലിയയും ഫുട്ബോൾ കോച്ചുമാരാണ്. ഭാര്യ അനീഷ. രാത്രി വൈകിയാണ് യാസിന്റെ കബറടക്കം നടത്തിയത്.