മദ്യലഹരിയിലായിരുന്ന മകനെ പിതാവ് കൊലപ്പെടുത്തി
1495384
Wednesday, January 15, 2025 6:26 AM IST
നെടുങ്കണ്ടം: രാമക്കൽമേട്ടിൽ മകനെ പിതാവ് മർദിച്ചു കൊലപ്പെടുത്തി. രാമക്കൽമേട് ചക്കകാനം സ്വദേശി പുത്തൻ വീട്ടിൽ ഗംഗധരൻ നായർ (54) ആണ് മരിച്ചത്. പിതാവ് രവീന്ദ്രൻ നായർ പോലീസ് കസ്റ്റഡിയിൽ.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. അമിതമായി മദ്യപിച്ചു വീട്ടിലെത്തിയ ഗംഗാധരൻ പിതാവ് രവീന്ദ്രനുമായുള്ള വാക്കുതർക്കത്തിനിടെ രവീന്ദ്രൻ വടി ഉപയോഗിച്ചു മകനെ മർദിച്ചു. ഇതോടെ ഇയാളുടെ തലയിൽ മുറിവേറ്റ് ബോധരഹിതനായി വീണു. തുടർന്ന് രവീന്ദ്രൻ അയൽവാസികളെ വിവരം അറിയിച്ചു. ഉടൻ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
മുറിവിൽനിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്. സ്ഥിരം മദ്യപാനിയായ ഗംഗാധരൻ വീട്ടിൽനിന്നു മാറിയാണ് താമസിച്ചിരുന്നത്. രണ്ട് മാസങ്ങൾക് മുൻപ് മദ്യപാനം നിർത്തിയ ശേഷം വീട്ടിൽ സ്ഥിരതാമസമാക്കി. എന്നാൽ പിന്നീട് വീണ്ടും മദ്യപിച്ച ഇയാൾ വീട്ടിൽ ബഹളം വയ്ക്കുകയായിരുന്നു. ഇതാണ് മർദനത്തിൽ കലാശിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടം ചെയ്തു. പ്രതിയെ കമ്പം മെട്ട് പോലിസ് കസ്റ്റഡിയിൽ എടുത്തു.