വനംവകുപ്പ് പ്രഖ്യാപനം പാഴ്വാക്ക്; മീനുളിയാൻപാറ സഞ്ചാരികൾക്ക് അന്യം
1495397
Wednesday, January 15, 2025 6:27 AM IST
വണ്ണപ്പുറം: ഒട്ടേറെ വിനോദസഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്ന് സമ്മാനിച്ചിരുന്ന മീനുളിയാൻപാറയിലേക്ക് ജനങ്ങളെ കടത്തിവിടാതായിട്ട് മൂന്നു വർഷം. അപകട സാധ്യതയും പരിസ്ഥിതി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ഇവിടേക്കുള്ള പ്രവേശനം തടഞ്ഞത്.
മീനുളിയാൻപാറയും ഇവിടേക്കുള്ള വഴിയിലെ പാഞ്ചാലിക്കുളവും ഏണിത്താഴം മുടിയും കാണാൻ ദിവസേന ഒട്ടേറെ വിനോദസഞ്ചാരികൾ എത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി കേട്ടറിഞ്ഞ് ഒട്ടേറെ പേർ മീനുളിയാൻ പാറ സന്ദർശനത്തിനെത്തിയിരുന്നു.
വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിക്കു സമീപമാണ് മീനുളിയാൻ പാറ. സമുദ്രനിരപ്പിൽനിന്നു 3500 അടിയോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനു മുകളിലായി രണ്ടേക്കറോളം വരുന്ന വനമേഖലയാണ്. പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങളും ചെറിയ അരുവികളും ഇവിടുത്തെ ആകർഷണമാണ്. പാറമുകളിൽ നിന്നാൽ മനോഹരമായ ദൂരക്കാഴ്ചയാണ് സഞ്ചാരികൾക്ക് അനുഭവിക്കാൻ കഴിയുന്നത്. മഴക്കാലത്തെ കോടമഞ്ഞും അവിസ്മരണീയമായ അനുഭവമാണ്.
എന്നാൽ അപ്രതീക്ഷിതമായി വനംവകുപ്പ് പ്രവേശനം തടഞ്ഞതോടെ മീനുളിയാൻപാറയുടെ ദൃശ്യഭംഗി ആസ്വദിക്കാനുള്ള സഞ്ചാരികളുടെ അവസരം നഷ്ടമായതിനു പുറമേ ഇവിടുത്തെ അവികസിത ഗോത്ര മേഖലയായ പട്ടയക്കുടിയുടെ ടൂറിസം സാധ്യതകളും അസ്തമിച്ച നിലയിലാണ്. ഇവിടെ വനംവികസന സമിതി രൂപീകരിക്കുമെന്നും ഇതിലെ അംഗങ്ങളിൽനിന്ന് ഗൈഡുകളെ തെരഞ്ഞെടുക്കുമെന്നുമാണ് പ്രവേശനം നിരോധിച്ചപ്പോൾ വനംവകുപ്പ് അറിയിച്ചത്.
ഗൈഡുകളെ നിയമിച്ച് സുരക്ഷ ഉറപ്പാക്കി മീനുളിയാൻപാറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകുമെന്നുമായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ മൂന്നു വർഷമായിട്ടും അതെല്ലാം ജലരേഖയായി മാറി. ഇപ്പോഴും മീനുളിയാൻപാറയിലേക്കുള്ള പ്രവേശനനിരോധനം നിലനിൽക്കുകയാണ്. വനംസംരക്ഷണ സമിതി രൂപീകരിക്കുന്ന കാര്യത്തിലും വനംവകുപ്പിന് മറുപടിയില്ല.
മീനുളിയാൻപാറയെക്കുറിച്ച് കേട്ടറിഞ്ഞ് ഇവിടെയെത്തുന്നവരെ തടയാനായി പ്രവേശനകവാടത്തിൽ വനംവകുപ്പ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം നിഷേധിച്ച ഘട്ടത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധിച്ചവരുടെ പേരിൽ വനംവകുപ്പ് കേസെടുത്തതോടെ നാട്ടുകാർ സമരരംഗത്തുനിന്നും പിൻമാറി.
മീനുളിയാൻ പാറയിലേക്ക് എത്താനായി സഞ്ചാരികൾ വാഹനം വാടകയ്ക്കു വിളിച്ചതോടെ ടാക്സി ഉടമകൾക്കും വരുമാനം ലഭിച്ചിരുന്നു. പ്രദേശത്തെ ചെറുകിട കച്ചവടക്കാർക്കും ഗുണം ചെയ്തിരുന്നു. ഇവരുടെയെല്ലാം വരുമാന മാർഗം നിലച്ച അവസ്ഥയിലാണ് . കാർഷികമേഖലയായ പട്ടയക്കുടിയിൽ വന്യമൃഗശല്യം മൂലം കൃഷി പ്രതിസന്ധിയിലാണ്. വിനോദസഞ്ചാര മേഖലയുടെ വികസനത്തിലൂടെ ചെറിയ ചെറിയ കച്ചവടങ്ങളും ഹോംസ്റ്റേകളും നടത്തി വരുമാനം ഉണ്ടക്കാമെന്ന പ്രദേശവാസികളുടെ കണക്കുകൂട്ടലാണ് വനം വകുപ്പിന്റെ തലതിരിഞ്ഞ തീരുമാനത്തോടെ തകിടം മറിഞ്ഞത്.