ഇതരസംസ്ഥാന തൊഴിലാളി അച്ഛനെ ചവിട്ടിക്കൊന്നു
1495386
Wednesday, January 15, 2025 6:26 AM IST
നെടുങ്കണ്ടം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളിയായ മകന് അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിയായ ഭഗത്സിംഗ് (56) ആണ് കൊല്ലപ്പെട്ടത്. ഒളിവില്‍പ്പോയ മകന് രാകേഷിന് (26) വേണ്ടിയുള്ള തെരച്ചില്‍ ഉടുമ്പന്‍ചോല പോലീസ് ഊര്‍ജിതമാക്കി. ഉടുമ്പൻചോല ശാന്തരുവിയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികളായിരുന്നു ഇരുവരും.
ഞായറാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും രാകേഷ് പിതാവിനെ ചവിട്ടുകയുമായിരുന്നു. തുടര്‍ന്ന് പിതാവ് ബോധരഹിതനായി വീട്ടില്‍ കിടക്കുകയാണെന്ന് രാകേഷ് അയല്‍വാസികളെ അറിയിച്ചു. പിന്നീട് നാട്ടുകാരാണ് ഭഗത്സിംഗിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. മര്‍ദനത്തെത്തുടര്‍ന്ന് ഭഗത്സിംഗിന്റെ വാരിയെല്ലിന് പൊട്ടലുണ്ടാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് രാകേഷ് ഒളിവില്‍ പോയി. ഇയാള്‍ ഉടുമ്പഞ്ചോലയിലെ തോട്ടം മേഖലയില്‍ ഉള്ളതായാണ് സൂചന.