വെള്ളാരംകുന്നിൽ വൈദ്യുതിലൈൻ താഴ്ന്ന് അപകടം പതിവാകുന്നു
1495387
Wednesday, January 15, 2025 6:26 AM IST
കുമളി: വെള്ളാരംകുന്നിൽ അപകട ഭീഷണിയായി വൈദ്യുതി ലൈൻ താഴ്ന്നുകിടക്കുന്നത് സ്ഥിരം അപകടത്തിനും വൈദ്യുതി മുടക്കത്തിനും കാരണമാകുന്നു. വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിക്കും സ്കൂളിനും ഇടയിലാണ് അപകടഭീഷണി.
തിങ്കളാഴ്ച രാത്രി ഏഴരയോടെ ലോറിയിൽ കൊണ്ടുവന്ന ജെസിബി ലൈനിൽ തട്ടി തീ ചിതറിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. വൈദ്യുതി ബന്ധവും നിലച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ലൈൻമാൻ സമയോചിതമായി ഇടപെട്ട് ലോറി കടത്തിവിട്ടശേഷമാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. ഈ ഭാഗത്ത് ഇത്തരത്തിലുള്ള അപകടം പതിവാണ്. ഏതാനും നാൾ മുൻപ് സമാനരീതിയിലുണ്ടായ സംഭവത്തിൽ എൽടി ലൈൻ പൊട്ടിവീണിരുന്നു.
ഒരേ പോസ്റ്റിൽ താഴ്വശത്തായി എൽടി ലൈനും മുകളിലായി 11 കെവി ലൈനുമാനുള്ളത്. പോസ്റ്റുകൾക്ക് പൊക്കമില്ലാത്തതാണ് പ്രശ്നത്തിന് കാരണം. ഉയരംകൂടിയ പോസ്റ്റുകൾ സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.