മലയോരകർഷകരുടെ ആശങ്ക പരിഹരിക്കണം: മാർ നെല്ലിക്കുന്നേൽ
1495560
Thursday, January 16, 2025 12:20 AM IST
കട്ടപ്പന: ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ മലയോര കർഷകരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ.
കാർഡമം ഗ്രോവേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറിൽ നടത്തിയ ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കപട പരിസ്ഥിതിവാദികളുടെ നിലപാടുകൾക്ക് സർക്കാർ കൂട്ടുനിൽക്കരുത്. ഇടുക്കിയിലെ ജനങ്ങൾ കൈയേറ്റക്കാരാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് യാഥാർഥ്യത്തിന് നിരക്കുന്നതല്ല. യഥാർഥ പരിസ്ഥിതി സംരക്ഷകരായ കർഷകരെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കേണ്ടത്. മലയോര ജനതയ്ക്കായി ജനപ്രതിനിധികൾ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തമാസം 10നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഫെഡറേഷൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് എം.എം. മണി എംഎൽഎ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് കർഷകവിരുദ്ധമാണെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.
സമരത്തിൽ കാർഡമം ഗ്രോവേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ അധ്യക്ഷത വഹിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎ, സെക്രട്ടറി പി.ആർ. സന്തോഷ്, രാരിച്ചൻ നീറണാക്കുന്നേൽ, ആർ. മണിക്കുട്ടൻ, വി.ജെ. ജോസഫ്, എൻ. പ്രിഥ്വിരാജ്, എസ്. ജീവാനന്ദം തുടങ്ങിയവർ പ്രസംഗിച്ചു.