വനനിയമ ഭേദഗതി ബിൽ: സ്വാഗതാർഹം
1495855
Thursday, January 16, 2025 11:17 PM IST
ഇന്‍ഫാം ദേശീയ ചെയർമാൻ
പാറത്തോട്: കേരള വനംവകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍. ഏതു നിയമവും മനുഷ്യര്‍ക്കുവേണ്ടിയാകണമെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനമെടുത്ത മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു.
പ്രശ്നം പരിഹരിക്കാന്‍ പ്രയത്നിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ജോസ് കെ. മാണി എംപി, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ വാഴൂര്‍ സോമന്, സെബാസ്റ്റ്യൻ കുളത്തുങ്കല്‍, മാണി സി. കാപ്പന്, ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, കെസിബിസി, ജനപ്രതിനിധികള്‍, കക്ഷി രാഷ്ട്രീയ നേതാക്കന്മാര്, ഇന്‍ഫാം സംസ്ഥാന നേതൃത്വം, വിവിധ കാര്‍ഷികജില്ല, താലൂക്ക്, ഗ്രാമസമിതി നേതൃത്വങ്ങള്‍, കര്‍ഷകര്‍, മറ്റ് കര്‍ഷക സംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവര്‍ക്കെല്ലാം ഇന്‍ഫാം നന്ദി അറിയിക്കുന്നതായി ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
കത്തോലിക്ക കോണ്‍ഗ്രസ്
കോതമംഗലം: വന നിയമ ഭേദഗതി നിർദേശം ഉപേക്ഷിച്ച സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി. കത്തോലിക്കാ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളുടെയും പൊതുജനങ്ങളുടെയും വലിയ പ്രതിഷേധത്തിന്റെയും സമ്മർദത്തിന്റെയും ഫലമായാണ് കിരാത വനനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിച്ചത്.
ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചതും സമര രംഗത്തിറങ്ങിയതും കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതസമിതിയാണ്.
ജനാധിപത്യ സർക്കാർ ഒരിക്കലും സ്വീകരിക്കരുതാത്ത നിലപാടായിരുന്നു നിർദിഷ്ട വനനിയമ ഭേദഗതി നിർദേശങ്ങൾ. ശക്തമായ ബഹുജന സമ്മർദത്തെയും സർക്കാരിന്റെ കൂട്ടായ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ നിയമ ഭേദഗതി ശിപാർശകൾ പൂർണമായി പിൻവലിക്കുന്നുവെന്ന് അറിയിച്ചതിനു ശേഷവും, വനം മന്ത്രി ഇച്ഛാഭംഗവും അമർഷവും പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെയും വനംവകുപ്പിന്റെയും ഉദ്ദേശശുദ്ധിയെ സംശയ നിഴലിൽ നിർത്തുന്നതാണ്.
കർഷക സംഘടനകളുടെയും മറ്റ് സംഘടനകളുടെയും ഒപ്പം കത്തോലിക്ക സഭയും നിയമഭേദഗതി നിർദേശത്തെ അതിശക്തമായി എതിർത്തിരുന്നു. ഇതിന്റെ പേരിൽ സഭയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള വനംമന്ത്രിയുടെ ദുഷ്ടലാക്ക് പൊതുജനം തിരിച്ചറിയും.
വനംവകുപ്പിന്റെയും മന്ത്രിയുടെയും ദുഷ്ടലാക്ക് നടക്കാതെ പോയതിലുള്ള അമർഷമാണ് മന്ത്രി പ്രകടിപ്പിക്കുന്നതെന്ന് ആർക്കും മനസിലാകും.
കാടിറങ്ങുന്ന ക്രൂരതയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും വന്യജീവി ആക്രമണങ്ങളിൽനിന്ന് മനുഷ്യജീവന് സംരക്ഷണം നൽകുന്ന വിധം വന നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ തയാറാകണമെന്നും രൂപതാ സമിതി ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരയ്ക്കൽ, രൂപത ട്രഷറർ തന്പി പിട്ടാപ്പിള്ളിൽ, ഭാരവാഹികളായ ജോയ്സ് മേരി ആന്റണി, ജോണ്‍ മുണ്ടൻകാവിൽ, അഡ്വ. യു.വി. ചാക്കോ വറങ്ങലക്കുടിയിൽ, സി. എ. തോമസ് ചരളംകുന്നേൽ, ഷൈജു ഇഞ്ചയ്ക്കൽ, ജിജി പുളിക്കൽ, ആന്റണി പുല്ലൻ, അബി മാത്യു കാഞ്ഞിരപ്പാറയിൽ, മാത്യു അഗസ്റ്റിൻ, ജോർജ് മങ്ങാട്ട്, ബേബിച്ചൻ നിധീരിക്കൽ, ബെന്നി തോമസ് മേലേത്ത്, ജോർജ് കുര്യാക്കോസ് ഒലിയപ്പുറം, ജിനു ആന്റണി മാടേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി എസ്എംവൈഎം
കാഞ്ഞിരപ്പള്ളി: വന നിയമ ഭേദഗതി ബിൽ പിൻവലിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം. മലയോര മേഖലയിലെ കർഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന ബിൽ പിൻവലിച്ചതോടെ കർഷകരുടെയും മലയോര മേഖലയിലെ ജനങ്ങളുടെയും വലിയ ആശങ്കയ്ക്കാണ് വിരാമമായിരിക്കുന്നത്.
ഫൊറോന പ്രസിഡന്റ് അലന് എസ്. വെള്ളൂർ യോഗം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ എമിലിൻ സിഎംസി, ഭാരവാഹികളായ ഡിജു കൈപ്പൻപ്ലാക്കൽ, റോഷ്നി ജോർജ്, ജിബിൽ തോമസ്, ജോയൽ ജോബി, എബിൻ തോമസ്, ജ്യോതിസ് മരിയ, കെ. സാവിയോ, അഖില സണ്ണി, ധ്യാൻ ജിൻസ്, റോൺ ആന്റണി, അശ്വിൻ അപ്രേം എന്നിവർ പ്രസംഗിച്ചു.
ഐക്യ ജനാധിപത്യ മുന്നണി
കട്ടപ്പന: വനനിയമ ഭേദഗതി ബില്ല് സംസ്ഥാന സർക്കാർ പിൻവലിച്ചത് ഐക്യ ജനാധിപത്യ മുന്നണിയുടെ സമരത്തിന്റെ ഫലമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ജനങ്ങളെ വെല്ലുവിളിച്ച് ഒരു നിയമവും അവതരിപ്പിക്കാൻ സാധിക്കില്ല എന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിച്ചു. യുഡിഎഫിന്റെ പ്രക്ഷോഭ ജാഥാ പ്രഖ്യാപനത്തിന് വിധേയമായിട്ടാണ് ബില്ല് പിൻവലിച്ചത്.
ജനാധിപത്യ കേരള കോണ്‍ഗ്രസ്
തൊടുപുഴ: വനം നിയമഭേദഗതിപിൻവലിക്കാൻ തയാറായ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജനാധിപത്യ കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി. ജോസഫ് പറഞ്ഞു.
കാർഷിക മേഖലയെ തച്ചുടയ്ക്കുമായിരുന്ന പുതിയ വനനിയമം ചർച്ചയ്ക്കെടുത്തപ്പോൾ തന്നെ എൽഡിഎഫിനെയും സർക്കാരിനെയും പാർട്ടിയുടെ എതിർപ്പ് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം
നെടുംകണ്ടം: വന നിയമം ഭേദഗതി ചെയ്ത് ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കർഷകർക്ക് ഏറെ ആശ്വാസം പകർന്നതാണെന്നും ബില്ലിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച കേരള കോണ്‍ഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ. മാണിക്കും പാർട്ടിക്കും നൽകിയ അംഗീകാരം കൂടിയാണിതെന്നും കോരള കോണ്‍ഗ്രസ് - എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ.
വനംവകുപ്പിലെ ജീവനക്കാരിൽ നിക്ഷിപ്തമാകുമായിരുന്ന അധികാരങ്ങൾ ദുർവിനിയോഗം ചെയ്യപ്പെടാൻ ഇനിയും കേരള കോണ്‍ഗ്രസ് (എം) അനുവദിക്കില്ല.
നിയമം പാസായിരുന്നെങ്കിൽ ഏറ്റവും അധികം ബാധിക്കുമായിരുന്നത് ഇടുക്കി ജില്ലയേയാണ്. സൂര്യനെല്ലിയിലെയും ചിന്നക്കനാലിലെയും ആനയിറങ്കലിലേയും ഭൂമികൾ സംരക്ഷിതവനമാക്കി മാറ്റുന്നതിനുള്ള നടപടി അംഗീകരിക്കില്ല. വന വിസ്തൃതി സംബന്ധിച്ച വ്യക്തമായ അതിർത്തികൾ വനംവകുപ്പ് തയാറാക്കുകയും ജണ്ടയിട്ട് വന ഭൂമി വേർതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം വനഭൂമിക്കുളിലല്ലാതെ യാതൊരുവിധ വനവത്കരണവും നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ജോസ് പാലത്തിനാൽ അറിയിച്ചു.