മകരവിളക്ക് ദർശിച്ച് ആയിരങ്ങൾ
1495391
Wednesday, January 15, 2025 6:27 AM IST
ഇടുക്കി: ശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മകരവിളക്ക് ദർശന പുണ്യവുമായി പുല്ലുമേട്ടിൽനിന്ന് ആയിരങ്ങൾ മലയിറങ്ങി. മകരവിളക്ക് ദർശനത്തിനായി മണിക്കൂറുകൾക്കു മുന്പു തന്നെ അയ്യപ്പഭക്തർ പുല്ലുമേട്ടിൽ തന്പടിച്ചിരുന്നു.
ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.45 ഓടെയാണ് മകരവിളക്ക് തെളിഞ്ഞത്. ഇതോടെ പുല്ലുമേടും പരിസരവും ഭക്തിസാന്ദ്രമായി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ മകരവിളക്ക് വണങ്ങി സായൂജ്യം നേടി. 7245 ഭക്തരാണ് ഇത്തവണ ദർശനത്തിനായി പുല്ലുമേട്ടിലെത്തിയത്.
സത്രം വഴി 3360 പേരും കോഴിക്കാനം വഴി 1885 പേരും എത്തി. ശബരിമലയിൽനിന്നു പാണ്ടിത്താവളം വഴി 2000 പേരാണ് എത്തിയത്. പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേട്ടിൽ 1650 പേരും മകരവിളക്ക് ദർശിക്കാനെത്തിയിരുന്നു. ദർശനശേഷം 6.55ഓടെയാണ് പുല്ലുമേട്ടിൽനിന്ന് ഭക്തർ തിരിച്ചിറങ്ങിയത്.
അയ്യപ്പഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാസംവിധാനങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരന്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിരുന്നത്. സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾക്കായി 150 പ്രത്യേക പോലീസ് ഓഫീസർമാർക്ക് പുറമേ 1200 പോലീസ് ഉദ്യോഗസ്ഥരും 155 വനംവകുപ്പ് ഉദ്യോഗസ്ഥരും എന്നിവരാണ് ഉണ്ടായിരുന്നത്.
പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡബിൾ ലെയർ ബാരിക്കേഡും കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വെളിച്ചവിതാനവും ക്രമീകരിച്ചു. ഐസിയു ആംബുലൻസ്, മെഡിക്കൽ ടീം, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു. തീർഥാടകർക്കായി കെഎസ്ആർടിസി കുമളി ഡിപ്പോയിൽനിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടിൽ 50 ബസുകൾ സർവീസ് നടത്തി. ദർശനം കഴിഞ്ഞ് ഭക്തർ നാലാംമൈൽ വഴിയാണ് തിരിച്ചിറങ്ങിയത്. പോലീസ്, ആരോഗ്യം, റവന്യു, ഭക്ഷ്യ സുരക്ഷ, സിവിൽ സപ്ലൈസ്, അഗ്നി രക്ഷാസേന, വനം വകുപ്പ് , മോട്ടോർ വാഹനം തുടങ്ങി വിവിധ വകുപ്പുകളാണ് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയത്.
ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, എറണാകുളം റേഞ്ച് ഡിഐജി സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ്, സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി.എം. ജയകൃഷ്ണൻ, കട്ടപ്പന എഎസ്പി രാജേഷ് കുമാർ, എഡിഎം ഷൈജു പി. ജേക്കബ്, ഫ്ളൈയിംഗ് സ്ക്വാഡ് ഡിഎഫ്ഒ വിനോദ് കുമാർ എന്നിവർ പുല്ലുമേട്ടിൽ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 2011 ജനുവരി 14ന് മകരവിളക്കു ദിവസം പുല്ലുമേട്ടിൽ ഉണ്ടായ വൻ ദുരന്തത്തിനു ശേഷം ഇവിടെ പഴുതടച്ചുള്ള സുരക്ഷയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത്.