വ്യാപാരികൾ സമരപ്രഖ്യാപന കണ്വൻഷൻ നടത്തി
1495567
Thursday, January 16, 2025 12:20 AM IST
ചെറുതോണി: ജിഎസ്ടി നിയമങ്ങളിൽ മാറ്റം വരുത്തുന്പോൾ പാർലമെന്റിൽ ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കാവൂ എന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി ജില്ലാ കമ്മിറ്റി ചെറുതോണി ടൗണ്‍ഹാളിൽ നടത്തിയ സമര പ്രഖ്യാപന കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാര സ്ഥാപനങ്ങളുടെ വാടകയ്ക്കുള്ള ജിഎസ്ടി പൂർണമായും പിൻവലിക്കുക, ചെറുകിട വ്യാപാര മേഖലയിൽ ഗ്രാമങ്ങളിൽ കുത്തകകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, ഓണ്‍ലൈൻ വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുക, ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നിയമ നിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അടുത്തമാസം 18നു പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്.
ജില്ലാ വ്യാപാര ഭവൻ പരിസരത്തുനിന്നു പ്രകടനത്തിനുശേഷമായിരുന്നു കണ്വൻഷൻ. കെവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കുഞ്ഞാവു ഹാജി, ദേവസ്യ മേച്ചേരി, എം.കെ. തോമസ് കുട്ടി, ബാബു കോട്ടയിൽ, ജില്ലാ നേതാക്കളായ നജീബ് ഇല്ലത്തുപറന്പിൽ, കെ.ആർ. വിനോദ്, ആർ. രമേശ്, പി.എം. ബേബി, തങ്കച്ചൻ കോട്ടയ്ക്കകം, ജോസ് കുഴികണ്ടം, വി.എസ്. ബിജു, ബാബുലാൽ, ഷിബു തോമസ്, എം.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.