വിദ്യാഭ്യാസ വായ്പാനിഷേധം: ബാങ്കിന് മുമ്പിൽ ധർണ നടത്തി
1496145
Friday, January 17, 2025 11:25 PM IST
നെടുങ്കണ്ടം: വെറ്ററിനറി മെഡിക്കൽ കോഴ്സിന് പഠിക്കാൻ തൂക്കുപാലം സ്വദേശിയായ വിദ്യാർഥിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഉടുന്പൻചോല അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂക്കുപാലം എസ്ബിഐ ശാഖയ്ക്കു മുൻപിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
വിദ്യാഭ്യാസവായ്പയ്ക്ക് അപേക്ഷ നൽകി ഒരു വർഷം കഴിയുമ്പോഴാണ് വായ്പ നൽകില്ലെന്ന് ബാങ്കുകൾ പറയുന്നത്. ഇതുമൂലം പാതിവഴിയിൽ പഠനം അവസാനിപ്പിക്കേണ്ട ഗതികേടിലാണ് വിദ്യാർഥികൾ. പലിശയ്ക്ക് പണം എടുത്തും മറ്റും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുത്ത വിദ്യാർഥികളെ ഇത് ഗുരുതരമായ പ്രതിസന്ധിയിലാക്കുകയാണ്. ഫീസ് അടയ്ക്കാത്തതിനാൽ വിദ്യാർഥികളെ കോളജിൽനിന്ന് പറഞ്ഞുവിടുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
തൂക്കുപാലത്തെ ബാങ്കിനു മുൻപിലുള്ള വസ്തു ഈടിൻമേലുള്ള വായ്പയാണ് തൂക്കുപാലം എസ്ബിഐ നിഷേധിച്ചത്. 40 ലക്ഷം രൂപയാണ് ഫീസ് ആയി വേണ്ടി വന്നത്. മതിയായ ഈട് നൽകിയിട്ടും 14 ലക്ഷം രൂപ ലോൺ നൽകാമെന്ന് ബാങ്ക് അധികൃതർ ആദ്യം അറിയിച്ചതാണ്.
വായ്പ ലഭിക്കാൻ വൈകിയപ്പോൾ ബാങ്കിൽ അന്വേഷിക്കുമ്പോൾ പ്രോസസിംഗിലാണെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ലോൺ നിഷേധിച്ച് ബാങ്കിൽനിന്ന് കത്ത് നൽകിയത്. ഒരു വർഷം പഠനം നടത്തിയ വിദ്യാർഥി കടക്കെണിയിലും പഠനം നിർത്തേണ്ട അവസ്ഥയിലുമാണ്. വിഷയം ഉടൻ പരിഹരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് അധ്യക്ഷത വഹിച്ചു. സമരം ഡിസിസി വൈസ് പ്രസിഡന്റ്് മുകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ജെ. ജോമോൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്് സി.എസ്. യശോധരൻ, ജോയ് കുന്നുവിള, ടോമി ജോസഫ്, എം.എസ്. മഹേശ്വരൻ എന്നിവർ പ്രസംഗിച്ചു.