വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹം: എംപി
1496146
Friday, January 17, 2025 11:25 PM IST
തൊടുപുഴ: പട്ടയഭൂമിയിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടത് പ്രതിഷേധാർഹമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ഇടതു സർക്കാർ വനംവകുപ്പിന് വിധേയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നു വ്യക്തമാണ്.
പട്ടയഭൂമിയിൽ വനം വകുപ്പിനെന്തു കാര്യമെന്ന് സർക്കാർ വ്യക്തമാക്കണം. ജനരോഷത്തെത്തുടർന്ന് പിൻവലിച്ച വന നിയമ ഭേദഗതിയുടെ ലക്ഷ്യം ഇതുതന്നെയായിരുന്നു. എല്ലാ മാർഗവും ഉപയോഗിച്ച് കൃഷിഭൂമിയിൽനിന്നു മനുഷ്യരെ കുടിയിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഉദ്യോഗസ്ഥ തേർവാഴ്ചയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും വനനിയമം പിൻവലിച്ചത് പോലെ ഈ തീരുമാനവും സർക്കാർ പിൻവലിക്കേണ്ടിവരുമെന്നും എംപി പറഞ്ഞു.