രാജമലയിൽ വരയാടിൻ കുഞ്ഞുങ്ങൾ പിറന്നു
1495566
Thursday, January 16, 2025 12:20 AM IST
അടിമാലി: വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തിൽ ഉൾപ്പെടുന്ന രാജമലയിൽ വരയാടിൻ കുഞ്ഞുങ്ങൾ പിറന്നു. രാജമലയിലെ ടൂറിസം മേഖലയിൽ പുതിയ രണ്ടു കുഞ്ഞുങ്ങളെയാണു വനപാലകർ കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വൈകിയാണ് കുഞ്ഞുങ്ങൾ പിറന്നുതുടങ്ങിയത്. കഴിഞ്ഞവർഷം ജനുവരി ആദ്യവാരം തന്നെ രാജമലയിൽ വരയാടിൻ കുഞ്ഞുങ്ങൾ പിറന്നിരുന്നു. ഈ സീസണിലെ വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഇരവികുളം ദേശീയ ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതി തേടി മൂന്നാർ വൈൽഡ് ലൈഫ് വിഭാഗം ഉടൻ തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡനു കത്തു നൽകും.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ വരയാടുകളുടെ പ്രജനനകാലം സുഗമമാക്കുന്നതിനായി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ ഉദ്യാനം അടച്ചിടും. ഉദ്യാനം അടയ്ക്കുന്നതോടെ സന്ദർശകസോണായ രാജമലയിൽ വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനവും നിരോധിക്കും. കഴിഞ്ഞ മേയിൽ നടത്തിയ കണക്കെടുപ്പിൽ 827 വരയാടുകളെയാണ് കണ്ടെത്തിയത്. ഇതിൽ 144 എണ്ണം പുതിയ കുഞ്ഞുങ്ങളായിരുന്നു.