ദേശീയ സുരക്ഷാ അഥോറിട്ടിയുടെ കീഴിലാക്കിയത് സ്വാഗതാർഹം: ഡീൻ
1495863
Thursday, January 16, 2025 11:17 PM IST
തൊടുപുഴ: ദേശീയ ഡാം സുരക്ഷാ അഥോറിട്ടിയുടെ കീഴിൽ മുല്ലപ്പെരിയാർ ഡാം ഉൾപെടുത്തിയത് ആശ്വാസകരമായ നടപടിയാണെന്നു ഡീൻ കുര്യാക്കോസ് എംപി. മേൽനോട്ട സമിതിയുടെ മുഴുവൻ അധികാരങ്ങളും ഇതോടെ ദേശീയ സുരക്ഷാ അഥോറിട്ടിയിൽ നിക്ഷിപ്തമാകും. മേൽനോട്ട സമിതി ഒരിക്കൽ പോലും കേരളത്തിനനുകൂലമായ തീരുമാനം സ്വീകരിച്ചിരുന്നില്ല. കോടതി അതംഗീകരിച്ച് വിധി പുറപ്പെടുവിച്ചിട്ടും രണ്ടു വർഷം കഴിഞ്ഞിട്ടും ഡാം സുരക്ഷാ അഥോറിട്ടി യാഥാർത്ഥ്യമായില്ല.
ഈ ഘട്ടത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഡാം സുരക്ഷ ചെയർമാൻ അനിൽ ജെയിനെ നേരിൽ കണ്ട് ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നായിരുന്നു മറുപടി. എൻഡിഎസ്എ യുടെ കീഴിൽ മുല്ലപ്പെരിയാർ ഡാം വരുന്പോൾ മേൽനോട്ട സമിതി വഹിച്ചിരുന്ന ഡാം നിരീക്ഷണം, സുരക്ഷാ വിലയിരുത്തൽ, മേൽനോട്ടം, അറ്റകുറ്റ പണികൾ എന്നിവയുടെ അധികാരം കേന്ദ്ര സർക്കാർ ഏജൻസിയിൽ നിക്ഷിപ്തമാകും. കേരളം ജാഗ്രതയോടെ പ്രവർത്തിച്ചാൽ നീതി ലഭ്യമാക്കാനുള്ള ഒരു വഴി തുറക്കലായാണ് പുതിയ തീരുമാനത്തെ കാണുന്നതെന്നും എംപി പറഞ്ഞു.
നടപടി സ്വാഗതാർഹം
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട ചുമതല ദേശീയ ഡാം സുരക്ഷാ അഥോറിറ്റിയെ ഏൽപിച്ച കേന്ദ്ര സർക്കാർ നടപടിയെ മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി സ്വാഗതം ചെയ്തു. ഈ ആവശ്യം ഉന്നയിച്ച് സമിതി വിവിധ തലങ്ങളിൽ നിവേദനം നൽകിയിരുന്നു. നിലവിലുള്ള അംഗങ്ങളെ മാറ്റി വിദഗ്ധരെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. അന്തർ ദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാന താൽപര്യം സംരക്ഷിക്കണമെന്ന് ചെയർമാൻ അഡ്വ. റോയ് വാരി കാട്ട്, ജനറൽ കണ്‍വീനർ പി.ടി ശ്രീകുമാർ, ഷിബു കെ.തന്പി എന്നിവർ ആവശ്യപ്പെട്ടു.