"മുന്നറിയിപ്പ്' കാട്ടിലായി; ദിശയറിയാതെ യാത്രക്കാർ
1495564
Thursday, January 16, 2025 12:20 AM IST
കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ വെള്ളയാംകുടി-ചെറുതോണി റോഡിലെ മുന്നറിയിപ്പ് ബോർഡുകൾ കാടുപടലങ്ങളാൽ മൂടി.
വളവുകളിലെ പല ബോർഡുകളും കാടുപടലങ്ങൾക്കുള്ളിലാണ്. പാതയിൽ അപകടങ്ങളും തുടർക്കഥയാവുകയാണ്.
പരാതികൾ നിരവധി ആയതോടെ ഏതാനും ഭാഗത്തെ ബോർഡുകളുടെ പരിസരത്തെ കാടുപടലങ്ങൾ വെട്ടിമാറ്റിയെങ്കിലും അപകട വളവുകളിലെ മുന്നറിയിപ്പ് ബോർഡുകൾ കാണാമറയത്തു തന്നെയാണ്. ഇത് അപകടങ്ങൾ വിളിച്ചു വരുത്തുന്നതിന് കാരണമാകും.
വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയായതിനാൽ ടൂർ സീസൺ പ്രമാണിച്ച് മറ്റ് ജില്ലകളിൽനിന്നുള്ള വലുതും ചെറുതുമായ ടൂറിസ്റ്റ് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നിരവധി വളവുകളുള്ള പാതയാണ് ഇത്.
വഴി പരിചയമില്ലാത്തവർക്ക് സൈൻ ബോർഡുകളുടെ അഭാവം പ്രയാസം സൃഷ്ടിക്കും. പാതയിൽ നവീകരണ പ്രവർത്തനം നടക്കുന്നുണ്ടങ്കിലും കാടുപടലങ്ങളാൽ മൂടപ്പെട്ട മുന്നറിയിപ്പ് ബോർഡുകൾ വാഹന യാത്രക്കാർക്ക് ഉപകാരപ്രദമാക്കാൻ നടപടികളില്ല.