അതിദാരിദ്ര്യ നിർമാർജന ലക്ഷ്യം പൂർത്തീകരിക്കണം: മന്ത്രി രാജേഷ്
1495856
Thursday, January 16, 2025 11:17 PM IST
തൊടുപുഴണ്ട: അതിദാരിദ്ര്യനിർമാർജന പദ്ധതിയെന്ന ലക്ഷ്യം മെയ് 31 നകം പൂർത്തീകരിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന സർക്കാറിന്റെ മാലിന്യ മുക്ത നവകേരളം, ലൈഫ്, അതിദാരിദ്ര്യ നിർമാർജനം, ഡിജി കേരളം,ജില്ലാതല അദാലത്ത് തീരുമാനങ്ങൾ നടപ്പാക്കൽ എന്നിവ സംബന്ധിച്ച് തൊടുപുഴയിൽ നടന്ന ഇടുക്കി, കോട്ടയം ജില്ലാതല അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഈ വർഷം നവംബർ ഒന്നിനാണ് അതിദാരിദ്യ്ര നിർമാർജന ലക്ഷ്യം കൈവരിക്കേണ്ടത്. എന്നാൽ മണ്സൂണും തുടർന്ന് തെരഞ്ഞെടുപ്പും വരുന്നതിനാൽ മെയ് 31 ന് തന്നെ അതിദാരിദ്യ്ര നിർമാർജന പദ്ധതിയുടെ ലക്ഷ്യം കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ രണ്ട് ഡസൻ തദ്ദേശ സ്ഥാപനങ്ങളെങ്കിലും പിന്നാക്കം പോകുന്ന സ്ഥിതിയാണുള്ളത്. ജനപ്രതിനിധികൾക്കായിരിക്കും ഇതിന്റെ ആത്യന്തിക ഉത്തരവാദിത്തം. കേരളം മുഴുൻ വിജയിച്ച ഒരു കാര്യം സ്വന്തം തദ്ദേശ സ്ഥാപനത്തിൽ പരാജയപ്പെട്ടാൽ ഉത്തരം നൽകാൻ അവർ ബാധ്യസ്ഥരാവുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.
ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യ നിർമാജനത്തിന്റെ ഇന്നത്തെ അവസ്ഥ ഈ രീതിയിൽ തുടരാൻ പാടില്ലെന്നും അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സംബശിവ റാവു, ജില്ലാപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ആശ ആന്റണി, തൊടുപുഴ നഗരസഭാ ചെയർപേഴ്സണ് സബീനബിഞ്ചു, അഡീഷണൽ ഡയറക്ടർ അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.