യുവാവ് ജീവനൊടുക്കിയ നിലയിൽ
1496120
Friday, January 17, 2025 10:50 PM IST
തോപ്രാംകുടി: ലൈസൻസില്ലാതെ ഇരുചക്ര വാഹനമോടിച്ച യുവാവ് പോലീസ് നടപടിയെ ഭയന്ന് ആത്മഹത്യ ചെയ്ത നിലയിൽ. ഉദയഗിരി പുത്തൻവിളയിൽ ഗോപി-ശോഭന ദന്പതികളുടെ മകൻ ശ്യാം (18) നെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.
വാഹനമോടിക്കാനുള്ള ലൈസൻസില്ലാതിരുന്ന ശ്യാം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പോലീസ് ചെക്കിംഗ് ശ്രദ്ധയിൽപ്പെട്ട് തിരികെ പോയി.
വാഹനത്തിന്റെ നമ്പർ മനസിലാക്കിയ തങ്കമണി പോലീസ് വാഹന ഉടമയായ ശ്യാമിന്റെ പിതാവിനെ വിളിച്ച് വാഹനവുമായി പോലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിരുന്നു. വിവരമറിഞ്ഞ് കൃഷിയിടത്തിൽനിന്നും പിതാവ് വീട്ടിലെത്തുമ്പോൾ ശ്യാമിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. സഹോദരങ്ങൾ: ശരണ്യ, ശരത്ത്.