മറയൂർ ജയ്മാതാ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി സമാപനവും വാർഷികവും നാളെ
1495858
Thursday, January 16, 2025 11:17 PM IST
മറയൂർ: സഹായഗിരി ജയ്മാതാ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി നിറവിൽ. നാളെ വൈകുന്നേരം നാലിന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ജൂബിലി ആഘോഷം ജൂബിലന്റ്-2025 ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജരും എസ്എബിഎസ് ഇടുക്കി പ്രോവിൻഷ്യൽ സുപ്പീരിയറുമായ മദർ ലിറ്റി ഉപ്പുമാക്കൽ അധ്യക്ഷത വഹിക്കും. ബാല താരം ദേവാനന്ദ, സ്കൂൾ പൂർവ വിദ്യാർഥിയും പശ്ചിമ ബംഗാൾ അസി.ഫോറസ്റ്റ് കണ്‍സർവേറ്ററുമായ നീതു ജോർജ് തോപ്പൻ എന്നിവർ മുഖ്യാഥിതികളായിരിക്കും.
സഹായഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് തൈച്ചേരിൽ, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾജോതി, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. തങ്കച്ചൻ, പിടിഎ പ്രസിഡന്റ് ബെഞ്ചു പുറപ്പുഴ എന്നിവർ പ്രസംഗിക്കും. പ്രിൻസിപ്പൽ സിസ്റ്റർ ആൻസിൽ പുറവക്കാട്ട് റിപ്പോർട്ട് അവതരിപ്പിക്കും.
തുടർന്നു വിദ്യാർഥികളും പൂർവ വിദ്യാർഥികളും ചേർന്ന് അവതരിപ്പിക്കുന്ന കലാസന്ധ്യയും നടക്കും. എസ്എബിഎസ് സന്യാസ സമൂഹത്തിനു കീഴിൽ അഞ്ചുനാടൻ പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2000-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
ഇടുക്കി-തമിഴ്നാട് അതിർത്തി പ്രദേശമായ ഇവിടെ സ്ഥാപിതമായ ഈ കലാലയത്തിൽനിന്നു നൂറുകണക്കിനു കുട്ടികൾ മികച്ച പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ വിവിധമേഖലകളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. പാഠ്യ-പാഠ്യേതര മേഖലകളിലും ഉന്നതനിലവാരം പുലർത്തുന്ന സ്കൂളാണിത്.