ചരക്കുലോറി വളവിൽ കുടുങ്ങി ഗതാഗതം തടസപ്പെട്ടു
1495568
Thursday, January 16, 2025 12:20 AM IST
രാജാക്കാട്: മമ്മട്ടിക്കാനം മങ്കാരം വളവിനുസമീപം ചരക്കുലോറി റോഡിൽ കുടുങ്ങി. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് മങ്കാരം വളവിനും കുത്തുങ്കൽ പാലത്തിനും ഇടയിലുള്ള വളവിൽ ലോറി വളവ് തിരിയാതെ കുടുങ്ങിയത്.
മധുരയിൽനിന്നു സിമന്റുമായി രാജാക്കാട് വഴി കട്ടപ്പനയിലേക്ക് പോവുകയായിരുന്നു ലോറി.
വാഹനം കുടുങ്ങിയതിനെ ത്തുടർന്ന് രണ്ടുമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തുടർന്ന് രാജാക്കാട്നിന്നു മണ്ണുമാന്തി യന്ത്രം എത്തിച്ച് ലോറി കെട്ടിവലിച്ച് മാറ്റുകയായിരുന്നു. നേരത്തേയും നിരവധി ഭാരവാഹനങ്ങൾ ഇവിടത്തെ വളവിൽ കുടുങ്ങിയിട്ടുണ്ട്. ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെ ഭാഗമാണ് ഈ റോഡ്.
റോഡിന്റെ അശാസ്ത്രീയ നിർമാണവും വീതിക്കുറവും ഡ്രൈവർമാരുടെ പരിചയക്കുറവുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.