തൊടുപുഴ നഗരസഭയിൽ ഭരണ പ്രതിസന്ധിയും വികസന മുരടിപ്പും
1492833
Sunday, January 5, 2025 10:39 PM IST
തൊടുപുഴ: നഗരസഭയിൽ കൗണ്‍സിലർമാർ തമ്മിലുള്ള പടലപ്പിണക്കംമൂലം ഭരണം പ്രതിസന്ധിയിലായി. നഗരസഭാ ഭരണം കൈയാളുന്ന എൽഡിഎഫിൽ പോലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കൗണ്‍സിലർമാർ രണ്ടു തട്ടിലാണ്. കഴിഞ്ഞ ദിവസം ചേർന്ന കൗണ്‍സിൽ യോഗത്തിൽ ഇതു മറനീക്കി പുറത്തു വന്നതോടെയാണ് ഇടതു മുന്നണിയിൽ തന്നെ കാര്യങ്ങൾ കൈ വിട്ടുപോകുന്ന നിലയിലെത്തിയത്.
ഇതിനിടെ കഴിഞ്ഞ ദിവസം കൗണ്‍സിലിൽ അജണ്ട ചർച്ചയ്ക്കെടുക്കാത്തതു മൂലം നഗരസഭയ്ക്ക് 25 ലക്ഷം രൂപയുടെ ഫണ്ട് നഷ്ടപ്പെട്ടെന്ന ആരോപണമുമായി വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി രംഗത്തെത്തി.
നാലു മാസം മുന്‍പ് നടന്ന ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഭരണം വീണ്ടും ഇടതു മുന്നണിക്ക് ലഭിച്ചിരുന്നു. ലഭിക്കുമെന്നുറപ്പായ ഭരണമാണ് മുസ്ലിം ലീഗിന്റെ നിലപാടു മൂലം യുഡിഎഫിനു കൈവിട്ടുപോയത്.
എന്നാൽ ചെയർപേഴ്സണായി സിപിഎമ്മിലെ സബീന ബിഞ്ചു ചുമതലയേറ്റതിനു ശേഷമാണ് നഗരസഭയിൽ ഭരണ പ്രതിസന്ധി ഉടലെടുത്തത്. പല കൗണ്‍സിൽ യോഗങ്ങളിലും ചെയർപേഴ്സണ്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്. ഭരണകക്ഷി മെംബർമാരിൽനിന്നുപോലും ചെയർപേഴ്സണു മതിയായ പിന്തുണ ലഭിക്കാറില്ലെന്നു മാത്രമല്ല വിമർശനവും നേരിടേണ്ടി വരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന കൗണ്‍സിലിൽ പതിവായുള്ള അജണ്ട ചർച്ചയ്ക്കെടുക്കാത്തത് വലിയ വാഗ്വാദത്തിനിടയാക്കിയിരുന്നു. തകർന്നുകിടക്കുന്ന മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലെ കുഴിയടയ്ക്കൽ നടത്താത്തതിനെച്ചൊല്ലി സിപിഐ അംഗമായ മുഹമ്മദ് അഫ്സൽ കൗണ്‍സിലിൽ എഴുനേറ്റു നിന്നാണ് പ്രതിഷേധിച്ചത്. എന്നാൽ അജണ്ടയിൽ ഇല്ലാത്ത വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് സിപിഎം അംഗം ആർ. ഹരി അഭിപ്രായപ്പെട്ടതോടെ ചർച്ച അലങ്കോലപ്പെട്ടു. അഫ്സലിന് പിന്തുണയുമായി പ്രതിപക്ഷ കൗണ്‍സിലർമാർ രംഗത്തെത്തുകയും ചെയ്തു. ഇതോടെ കൗണ്‍സിലർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു.
എൽഡിഎഫിന്റെ നിലപാടിനു വിരുദ്ധമായാണ് സിപിഐ അംഗം പ്രവർത്തിച്ചതെന്ന വിമർശനവുമായി ചെയർപേഴ്സണ്‍ സബീന ബിഞ്ചു പിന്നീട് രംഗത്തെത്തി. കൗണ്‍സിലിൽ നിൽപ്പ്സമരം നടത്തിയ സിപിഐ കൗണ്സിലരുടെ നടപടി സിപിഎം നേതൃത്വവും ഗൗരവത്തോടെയാണ് കാണുന്നത്. നവംബർ 11ന് ചേർന്ന കൗണ്‍സിലിൽ വാർഷിക പദ്ധതി ഭേദഗതിയിൽ ചെയർപേഴ്സണ്‍ ഇടപെട്ട് ചില പദ്ധതികൾ മാറ്റുകയും മറ്റ് ചിലത് ഉൾപ്പെടുത്തുകയും ചെയ്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സിപിഎം അംഗം ആർ. ഹരി ഉൾപ്പെടെയാണ് അന്ന് ചെയർപേഴ്സണ്‍ സബീന ബിഞ്ചുവിനെതിരേ പ്രതികരിച്ചത്.
ഇതിനിടെ കൗണ്‍സിൽ യോഗത്തിൽ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്ന ഘട്ടത്തിൽ ചെയർപേഴ്സണ്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന് കൗണ്‍സിൽ യോഗത്തിൽ സിപിഐ അംഗങ്ങളായ മുഹമ്മദ് അഫ്സലും ജോസ് മഠത്തിലും സിപിഎം അംഗം ആർ. ഹരിയും പ്രതിപക്ഷ അംഗങ്ങളുടെ നിലപാടിനൊപ്പമാണ് നിന്നത്. എൽഡിഎഫ്, മുമുസ്ലിം ലീഗ് അംഗങ്ങൾ കാഴ്ചക്കാരുടെ റോളിൽ ആയിരുന്നു. കേരള കോണ്‍ഗ്രസ് അംഗമായ വൈസ് ചെയർപേഴ്സണ്‍ ജെസി ആന്റണിയും ഈ സമയം നിശബ്ദത പാലിക്കുകയായിരുന്നു.
പിന്നീടാണ് കൗണ്‍സിലർമാർ യോഗം ബഹിഷ്കരിച്ചതോടെ റോഡ് അറ്റകുറ്റപ്പണിക്ക് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് നഷ്ടമായെന്ന് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ വൈസ് ചെയർപേഴ്സണ്‍ വ്യക്തമാക്കിയത്. നഗരസഭയിലെ തർക്കം മൂലം 2023-24 വർഷത്തെ പല പദ്ധതികൾക്കും ഇതുവരെ തുടക്കമിടാൻ സാധിച്ചിട്ടില്ല. ഫണ്ട് നഷ്ടമാകുന്നത് നഗരസഭയിലെ വികസനപ്രവർത്തനങ്ങളെ പിന്നോട്ടടിയ്ക്കുന്ന അവസ്ഥയാണെന്ന് കോണ്‍ഗ്രസ്, ബിജെപി അംഗങ്ങൾ ആരോപിച്ചു.
ഇതിനിടെ മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് മുതൽ യുഡിഎഫിൽ രൂപപ്പെട്ട കോണ്‍ഗ്രസ്-ലീഗ് തർക്കത്തിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. തർക്കം ചർച്ചയിലൂടെ പരിഹരിച്ചെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും നഗരസഭയിൽ രണ്ടു പാർട്ടികളും രണ്ടു തട്ടിലാണ്.
മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വിഷയത്തിൽ കൗണ്‍സിൽ ബഹിഷ്കരിച്ച ശേഷം രണ്ടു പാർട്ടികളും വ്യത്യസ്ത സമരമാണ് നടത്തിയത്. കൗണ്‍സിൽ യോഗങ്ങളിൽ ലീഗുമായി ഒരു ധാരണയും വേണ്ടെന്ന മുനിസിപ്പൽ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നിലപാടിൽ തന്നെ പാർലമെന്ററി പാർട്ടിയും ഉറച്ചുനിൽക്കുകയാണെന്നാണ് ഇതോടെ വ്യക്തമായത്.