മുദ്രപത്രക്ഷാമം പരിഹരിക്കണമെന്ന്
1493089
Monday, January 6, 2025 11:26 PM IST
തൊടുപുഴ: രൂക്ഷമായ മുദ്രപത്രക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. 20, 50, 100, 200 തുടങ്ങി കുറഞ്ഞ തുകയുടെ മുദ്രപത്രം ലഭിക്കുന്നില്ല. സർക്കാർ പുതുതായി ആരംഭിച്ച ഇലക്ട്രോണിക് സ്റ്റാന്പ് പേപ്പർ സംവിധാനം കാര്യക്ഷമമായ വിധത്തിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. പലപ്പോഴും നെറ്റ്വർക്ക് തകരാറും സ്റ്റാന്പ് വെണ്ടർമാരുടെ പരിചയക്കുറവു മൂലവും സാധാരണക്കാരുടെ പണം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
ഇ-സ്റ്റാന്പ് പേപ്പർ ആവശ്യപ്പെടുന്ന പൊതുജനങ്ങളിൽനിന്ന് വെണ്ടർമാർ മുൻകൂറായി പണം വാങ്ങുമെങ്കിലും നെറ്റ്വർക്കിന്റെ പ്രശ്നംമൂലവും സാങ്കേതികത്തകരാറും നിമിത്തം പലപ്പോഴും യഥാസമയം സ്റ്റാന്പ് പേപ്പർ ലഭിക്കാറില്ല. കൂടാതെ ഓണ്‍ലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാൽ സാങ്കേതിക തകരാർ നിമിത്തം സ്റ്റാന്പ് പേപ്പർ ലഭിക്കാതെ വന്നാൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും വീണ്ടും ശ്രമിക്കണമെങ്കിൽ തുക ഒരിക്കൽക്കൂടി നൽകണമെന്നുമാണ് വെണ്ടർമാർ ആവശ്യപ്പെടുന്നത്.
പലപ്പോഴും അസാധുവായി പോയ ട്രാൻസാക്ഷന്റെ പണം സാധാരണക്കാർക്ക് ലഭിക്കാറില്ല. ഇതുമൂലം ജനങ്ങൾക്ക് യഥാസമയം ക്രയവിക്രയങ്ങളിലോ വിവിധ തരത്തിലുള്ള ഉടന്പടിയിൽ ഏർപ്പെടാനോ ഇതുമൂലം കഴിയാതെ വരുന്നു. ചെറിയ തുകയുടെ മുദ്രപത്രം ലഭ്യമല്ലാത്തതിനാൽ 200 രൂപയുടെ ആവശ്യത്തിന് 1,000 രൂപയുടെ മുദ്രപത്രം വാങ്ങേണ്ട സാഹചര്യമാണ്. എല്ലാ തുകകളിലുമുള്ള മുദ്രപത്രങ്ങൾ ലഭ്യമാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.