ജില്ലാ ആശുപത്രിയിൽ കൂടുതൽ പേർക്ക് ഡയാലിസിസ് സൗകര്യം
1493091
Monday, January 6, 2025 11:26 PM IST
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ കൂടുതൽ പേർക്ക് ഡയാലിസിസ് സേവനം ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ഇതുവരെ ഒരു ഷിഫ്റ്റിൽ 30 രോഗികൾക്കായിരുന്നു ഡയാലിസിസ് സേവനം ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ ഒന്നു മുതൽ ഇത് രണ്ട് ഷിഫ്റ്റായി വർധിപ്പിച്ചു.
ഇതോടെ 30 രോഗികൾക്കുകൂടി ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യാനാകും.
2013 ഓഗസ്റ്റിലാണ് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 35,000 ഡയാലിസിസ് പൂർത്തിയാക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. 16 ഡയാലിസിസ് മെഷീനുകളാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലുള്ളത്. ഇതിൽ 12 മെഷീനുകൾ സർക്കാരിൽനിന്നും നാലു മെഷീനുകൾ റോട്ടറി ക്ലബിൽനിന്നും ലഭിച്ചതാണ്. ലോ റേഞ്ചിലെ പ്രധാന ആശുപത്രിയായതിനാൽ ആയിരക്കണക്കിനാളുകളാണ് തൊടുപുഴയിലെ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്.
ഇവിടെയെത്തുന്ന വൃക്ക രോഗികളുടെ എണ്ണവും അനവധിയാണ്. പല സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്കിടെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം തടസപ്പെട്ടിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഡയാലിസിസ് മെഷീനുകളുടെ തകരാർ മുതൽ നെഫ്രോളജിസ്റ്റ് ഇല്ലാത്തത് ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് പലപ്പോഴും പ്രവർത്തനം തടസപ്പെട്ടിരുന്നത്. ഇത്തരം കാര്യങ്ങളിലാണ് പരിഹാരമായിരിക്കുന്നത്.
നിലവിൽ 30 രോഗികളാണ് ഡയാലിസിസിന് രജിസ്റ്റർ ചെയ്യുന്നത്. ഇതിനു പുറമേ 30 പേർക്കുകൂടി ഈ സേവനം പ്രയോജനപ്പെടുത്താനാകും. ഡയാലിസിസ് ആവശ്യമുള്ള രോഗികൾ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള ഓഫീസിലെത്തി അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകിയാൽ ഡയാലിസിസിന് അവസരം ലഭിക്കും.