ജില്ലയിൽ ഒരു വർഷത്തിനിടെ നടന്നത് 1,142 അപകടം
1493085
Monday, January 6, 2025 11:26 PM IST
തൊടുപുഴ: ജില്ലയിൽ റോഡപകടങ്ങൾ പതിവാകുന്പോഴും ഇതു കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാതെ അധികൃതർ. കൊട്ടാരക്കര -ഡിണ്ടികൽ ദേശീയ പാതയിൽ പുല്ലുപാറയ്ക്കു സമീപം ഇന്നലെ കെഎസ്ആർടിസി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാലു പേർക്കാണ് ജീവൻ നഷ്ടമായത്. ജില്ലയിലെ മലയോര റോഡുകളുടെ നിർമാണത്തിലെ അപാകതകളും അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് പ്രധാനമായും അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്.
എന്നാൽ, പതിവായി അപകടങ്ങളുണ്ടാകുന്ന ഇടങ്ങളിൽപോലും ഇതിനു തടയിടാൻ ഫലവത്തായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് വിലയിരുത്തൽ. കുത്തനെയുള്ള കയറ്റിറക്കവും വീതിക്കുറവും വശങ്ങളിൽ വലിയ കൊക്കയുമുള്ള റോഡുകളിൽപോലും മതിയായ സുരക്ഷയില്ലെന്നാണ് വസ്തുത.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിൽ ജില്ലയിൽ 1,142 അപകടങ്ങളാണുണ്ടായത്. ഇതിൽ 85 അപകടങ്ങളിലായി 98 പേർക്കാണ് ജീവൻ നഷ്ടമായത്. 945 പേർക്ക് 779 അപകടങ്ങളിലായി ഗുരുതര പരിക്കേറ്റു.
185 വാഹനാപകടങ്ങളിലായി 570 പേർക്ക് നിസാര പരിക്കേറ്റു. അപകടങ്ങളിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടവരുടെ എണ്ണം 1,222 ആണ്. മരിച്ചവർ ഉൾപ്പെടെ ജില്ലയിലുണ്ടായ അപകടങ്ങളിൽ അകപ്പെട്ടത് 2,834 പേരാണ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പലരും ദിവസങ്ങളോളം ആശുപത്രികളിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഒട്ടേറെപ്പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയും ചെയ്യുന്നുണ്ട്.
പുല്ലുപാറയിലെ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്ക് പോയതാണെന്നാണ് ബസ് ഡ്രൈവർ മൊഴി നൽകിയത്. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ മാത്രമേ യഥാർഥ കാരണം കണ്ടെത്താനാകു. എന്നാൽ, ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് അടുത്ത നാളുകളിൽ വർധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന ദീർഘദൂര ബസുകളും ലോറികളും അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇന്നലെ അപകടം നടന്ന സ്ഥലത്തിനു സമീപം ശബരിമല തീർഥാടകരുടെ വാഹനവും അപകടത്തിൽപ്പെട്ടിരുന്നു. വിശ്രമമില്ലാത്ത യാത്രക്കിടയിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതാണ് പ്രധാനമായും അപകടങ്ങൾക്കിടയാക്കുന്നത്.
ഇതിനു പുറമെ അലക്ഷ്യമായ ഡ്രൈവിംഗും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും അപകടങ്ങൾ വരുത്തി വയ്ക്കുന്നുണ്ട്. ലഹരി ഉപയോഗിച്ചുള്ള വാഹനമോടിക്കൽ തടയാനായി മോട്ടോർ വാഹനവകുപ്പും പോലീസും പരിശോധന ശക്തമാക്കുന്പോഴും ഇത്തരം നിയമലംഘനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
കൂടാതെ ഡ്രൈവിംഗിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ ബോധവത്കരണ പരിപാടികൾ വിവിധ സംഘടനകളുടെ സഹായത്തോടെ നേരത്തെ സംഘടിപ്പിച്ചിരുന്നെങ്കിലും ഇത്തരം പരിപാടികളും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല.