യുഡിഎഫ് പ്രതിഷേധ മാർച്ചും ജനകീയ വിചാരണ സദസും നടത്തി
1493094
Monday, January 6, 2025 11:26 PM IST
രാജകുമാരി: ഇടതു സർക്കാരിന്റെ വനനിയമ ഭേദഗതി ബില്ലിനും സിഎച്ച്ആർ ഉൾപ്പെടെയുള്ള ഭൂനിയമങ്ങൾക്കുമെതിരേ യുഡിഎഫ് ഉടുന്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ ജനകീയ വിചാരണ സദസും പ്രതിഷേധ മാർച്ചും സംഘടപ്പിച്ചു.
വന്യജീവികളുടെ ആക്രമണങ്ങളിൽനിന്നു കർഷകരെ സംരക്ഷിക്കുന്നതിനും അർഹിക്കുന്ന നഷ്ടപരിഹാരം കൊടുക്കുന്നതിനും നിയമഭേദഗതി കൊണ്ടുവരേണ്ടതിനു പകരം ദോഷകരമായ ബില്ല് അവതരിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന നയം തിരുത്തണമെന്നും വനംമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുടെ അറിവോടെ ഇറക്കിയ ബില്ല് കർഷകരെ സ്വന്തം ഭൂമിയിൽനിന്നും കുടിയിറക്കാനുള്ള നീക്കമാണെന്നും ഇടുക്കിയിലെ മന്ത്രിയായിരിക്കുന്ന റോഷി അഗസ്റ്റിനും അറിഞ്ഞു കൊണ്ടാണ് ഇത്തരം കർഷകദ്രോഹബില്ല് ഇറക്കിയതെന്നും നേതാക്കൾ ആരോപിച്ചു.
ഇന്നലെ രാവിലെ 10 ന് നടന്ന ധർണയും വിചാരണ സദസും കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനത്തിന് മുന്നോടിയായി ദൈവമാതാ പള്ളി ഭാഗത്തുനിന്ന് നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധപ്രകടനം ആരംഭിച്ചു. തുടർന്ന് നടന്ന വിചാരണ സദസ് കോണ്ഗ്രസ് വർക്കിംഗ് പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, എ.കെ മണി, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, പ്രഫ. എം.ജെ. ജേക്കബ്, ജോയി വെട്ടിക്കുഴി, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ, കണ്വീനർ ബെന്നി തുണ്ടത്തിൽ, കോ-ഓർഡിനേറ്റർ സേനാപതി വേണു, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി. ജോസ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ ഇടശേരിക്കുടി, കേരള കോണ്ഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചിറ്റടി, ജെഎസ്എസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.