തൊടുപുഴ ഫിലിം ഫെസ്റ്റിവൽ: ഒൻപതിനു തിരി തെളിയും
1493088
Monday, January 6, 2025 11:26 PM IST
തൊടുപുഴ: നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേർന്ന് കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്എഫ്എസ്ഐയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പത്തൊൻപതാമത് ഫിലിം ഫെസ്റ്റിവൽ ഒൻപതു മുതൽ 12 വരെ തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം അഞ്ചിന് പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ചു അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ പ്രശാന്ത് വിജയ് മുഖ്യാതിഥിയാകും. എഫ്എഫ്എസ്ഐ സെക്രട്ടറി റെജി എം. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും.
നഗരസഭാ വൈസ് ചെയർപേവ്സണ്‍ ജെസി ആന്റണി എഫ്എഫ്എസ്ഐ റീജണൽ കൗണ്‍സിൽ അംഗം യു.എ. രാജേന്ദ്രൻ, ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ, സനൽ ചക്രപാണി എന്നിവർ പ്രസംഗിക്കും. ലോകസിനിമയിൽനിന്ന് തെരെഞ്ഞെടുത്ത മികച്ച 16 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ദായം എന്ന സിനിമയാണ് ഉദ്ഘാടന ചലച്ചിത്രം.
വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്ത വിഷയങ്ങൾ പ്രമേയമാക്കിയ 12 സിനിമകളും നാലു മലയാള സിനിമകളുമാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമാപന ചലച്ചിത്രമായി ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങൾ പ്രദർശിപ്പിക്കും.
പത്തിന് വൈകുന്നേരം നാലിന് നടക്കുന്ന ഓപ്പണ്‍ഫോറം ചലച്ചിത്രസംവിധായകൻ ശ്രീജിത് പോയിൽകാവ് ഉദ്ഘാടനം ചെയ്യും. 11ന് ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകൻ മുഹമ്മദ് സാദിഖ്, ചലച്ചിത്രപ്രവർത്തകരായ വിനോദ് കുമാർ, അനിൽ ഹരൻ എന്നിവർ സംവദിക്കും.
ഫിലിം ഫെസ്റ്റിവലിലെ മുഴുവൻ പ്രദർശനങ്ങളും കാണുന്നതിന് 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 18 വയസുവരെയുള്ള വിദ്യാർഥികൾക്ക് 100 രൂപയാണ് ഫീസ്. പത്രസമ്മേളനത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ, സെക്രട്ടറി എം.എം. മഞ്ജുഹാസൻ, വൈസ് പ്രസിഡന്റ് എം.ഐ. സുകുമാരൻ, എഫ്എഫ്എസ്ഐ റീജണൽ കൗണ്‍സിൽ അംഗം യു.എ. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഫോണ്‍: 9447776524, 9447824923.