രമേശ് ചെന്നിത്തല സാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു
1493092
Monday, January 6, 2025 11:26 PM IST
കട്ടപ്പന: നിക്ഷേപം തിരികെ ചോദിച്ചപ്പോൾ അപമാനിക്കപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വ്യാപാരി സാബുവിന്റെ മരണം നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനമെന്ന് രമേശ് ചെന്നിത്തല. സാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാബുവിന്റെ ഭാര്യ മേരിക്കുട്ടി, മക്കളായ അലൻ, അഭിൻ എന്നിവരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വീട്ടിലെത്തി ആശ്വസിപ്പിച്ചു.
നിക്ഷേപം തിരിച്ചുകിട്ടാത്തതും അതു ചോദിച്ചപ്പോൾ ഉപദ്രവിക്കുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് സാബു ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബം പറഞ്ഞതായി ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യത്തിൽ കുടുംബം വലിയ ദുഃഖത്തിലാണ്. സിപിഎം നേതാക്കളും പ്രവർത്തകരുമാണ് സംഭവത്തിലെ പ്രതികൾ. അതുകൊണ്ടുതന്നെ അന്വേഷണം പ്രഹസനമാണ്.
മനംനൊന്ത് ആത്മഹത്യ ചെയ്ത സാബുവിന്റെ മനോനില പരിശോധിക്കണമെന്ന് എം. എം. മണി എംഎൽഎ പറഞ്ഞപ്പോൾ പിന്നെ പോലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന് വ്യക്തമാണ്. ഭീഷണപ്പെടുത്തിയ സിപിഎം ഏരിയാ സെക്രട്ടറിയെ എഫ്ഐആറിൽ ചേർക്കാൻപോലും പോലീസ് തയാറായിട്ടില്ല.
സിപിഎമ്മിന്റെ ദുർഭരണമാണ് ബാങ്ക് തകരാൻ കാരണമെന്നും ചെന്നിത്തല പറഞ്ഞു. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടാൽ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഇതിനായി നിയമോപദേശം തേടിയിട്ടുണ്ട്. ഡീൻ കുര്യാക്കോസ് എംപി, ജോസഫ് വാഴയ്ക്കൻ, ഇ.എം. ആഗസ്തി, തോമസ് മൈക്കിൾ തുടങ്ങിയവരും ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.