കാറിടിച്ച് യുവാവ് മരിച്ച കേസ്: 1.26 കോടി നഷ്ടപരിഹാരം
1492829
Sunday, January 5, 2025 10:39 PM IST
തൊടുപുഴ: കാർ ഇടിച്ച് യുവാവ് മരിച്ച കേസിൽ ആശ്രിതർക്ക് നഷ്ട പരിഹാരമായി 1.26 കോടി നൽകാൻ കോടതി വിധിച്ചു. കരിങ്കുന്നം നടുക്കണ്ടം പുതിയാത്ത് ഡിജോ പി. ജോസ് (39) മരിച്ച കേസിലാണ് എംഎസിടി കോടതിയുടെ വിധി.
2022 ഒക്ടോബർ രണ്ടിന് രാത്രി 7.30ന് വീടിനു മുന്നിൽ നിൽക്കുന്പോൾ അമിത വേഗത്തിലെത്തിയ കാർ ഡിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡിജോയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ച ആളിന്റെ പ്രായവും പരിക്കിന്റെ ഗൗരവവും പരിഗണിച്ച് വാദികൾക്ക് നഷ്ട പരിഹാരമായി 1,26,97,000 രൂപയും ഹർജി ഫയൽ ചെയ്ത അന്നു മുതൽ ഏഴു ശതമാനം പലിശയും ഓറിയന്റൽ ഇൻഷുറൻസ് കന്പനിയോട് കൊടുക്കാൻ എംഎസിടി ജഡ്ജി ആഷ് കെ. ബാൽ വിധിച്ചു. വാദികൾക്ക് വേണ്ടി അഭിഭാഷകരായ എം.എം. തോമസ് മുണ്ടയ്ക്കാട്ട്, അരുണ്‍ ജോസ് തോമസ് എന്നിവർ ഹാജരായി.