ശബരിപാത: ത്രികക്ഷി കരാർ പിൻമാറ്റം തിരിച്ചടിയാകും
1488702
Friday, December 20, 2024 8:01 AM IST
തൊടുപുഴ: ശബരിപാതയുടെ പൂർത്തീകരണത്തിനായി കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ത്രികക്ഷി കരാറിൽനിന്നു പിന്മാറാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയുയരുന്നു.
പദ്ധതിച്ചെലവ് പങ്കിടുന്നതിൽ സംസ്ഥാന സർക്കാരും റെയിൽവേയും റിസർവ് ബാങ്കുമായുള്ള ത്രികക്ഷി കരാറിൽ ഒപ്പിടാതെ കേരളം മലക്കം മറിഞ്ഞതാണ് നിലവിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇരട്ടപ്പാത വേണമെന്ന കേന്ദ്രനിർദേശം അംഗീകരിക്കാനാവില്ലെന്നും ഇതു ചെലവ് വർധിക്കുന്നതിനു കാരണമാകുമെന്നുമാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്.
ആദ്യഘട്ടത്തിൽ ഒറ്റവരിപ്പാതയാക്കുകയും ഇതിനായി കിഫ്ബിയുടെ വായ്പാപരിധി ഉയർത്തി പാതയുടെ നിർമാണ ചെലവിന്റെ പകുതി കണ്ടെത്താമെന്ന തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. ഇത് എത്രമാത്രം ഫലം കാണുമെന്ന് കാത്തിരുന്നു കാണണം. കിഫ്ബിയുടെ വായ്പാപരിധി ഉയർത്തലുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമേ സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും കിഫ്ബിക്ക് എതിരാണ്.
ഈ സാഹചര്യത്തിൽ പാതയുടെ നിർമാണത്തിന് കിഫ്ബി വഴി ഫണ്ട് അനുവദിക്കാമെന്ന പ്രഖ്യാപനത്തിൽ വിശ്വാസ്യതയില്ലാത്ത സാഹചര്യമാണെന്ന അഭിപ്രായമാണുയരുന്നത്. പാത യാഥാർഥ്യമാകാത്തതുമൂലം രണ്ടര പതിറ്റാണ്ടായി നിർദിഷ്ടപാതയ്ക്കായി കല്ലിട്ട് സ്ഥലം അളന്നുതിരിച്ചിട്ടുള്ള ഭാഗത്തെ ജനങ്ങളും ഭൂ ഉടമകളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
വിവാദങ്ങളൊഴിവാക്കി പാത യാഥാർഥ്യമാക്കണം
ശബരിപാത യാഥാർഥ്യമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലെ ത്തിനിൽക്കേ വിവാദങ്ങളൊഴിവാക്കി ശബരി പാതയുടെ സ്ഥലമെടുപ്പും നിർമാണവും വേഗത്തിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു.
3,810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അങ്കമാലി മുതൽ എരുമേലി വരെയുള്ള റെയിൽവേ ലൈൻ ആദ്യ ഘട്ടത്തിൽ നിർമിക്കണമെന്നും എരുമേലിയിൽനിന്ന് പന്പയിലേക്ക് റെയിൽവേ ലൈൻ നീട്ടുന്നതും ശബരി റെയിൽവേ ഇരട്ടപ്പാതയാക്കുന്നതും അടുത്ത ഘട്ടത്തിൽ നടപ്പാക്കാമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് 25 വർഷം മുൻപ് പദ്ധതിക്ക് വേണ്ടി കല്ലിട്ട് തിരിച്ച് സ്ഥലം ഉടമകൾക്ക് വേഗത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ സഹായകരമാകുമെന്ന പ്രതീക്ഷയാണുള്ളത്.
മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ ചികിത്സയ്ക്കോ കടം വീട്ടാനോ വേണ്ടി സ്ഥലം വിൽക്കാനോ പണയപ്പെടുത്താനോ പാത നിർമിക്കാൻ കല്ലിട്ട 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലം ഉപയോഗപ്പെടുന്നില്ല. റെയിൽവേക്കുവേണ്ടി സർക്കാർ സ്ഥലം ഉടൻ ഏറ്റെടുക്കുമെന്ന് കരുതി അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ കല്ലിട്ട ഭാഗത്തെ പലവീടുകളും വാസയോഗ്യമല്ലാതായിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കാൻ
കാലടി റെയിൽവേസ്റ്റേഷനും ഒരു കിലോമീറ്റർ നീളമുള്ള പെരിയാർ റെയിൽവേ പാലവും ശബരി പാതയ്ക്കായി നിർമാണം പൂർത്തീകരിച്ചെങ്കിലും ഇവ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയിലാണ്.
കാലടി റെയിൽവേസ്റ്റേഷനും പെരിയാർ റെയിൽവേ പാലവും സെക്സ്, മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറിക്കഴിഞ്ഞു. സമീപത്തുള്ളവർ സാമൂഹ്യവിരുദ്ധരുടെ ആക്രമണ ഭീതിയിൽ വീട് ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലാണ്.
ശബരി റെയിൽവേ യാഥാർഥ്യമായാൽ ജില്ലയ്ക്കും കിഴക്കൻ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും പ്രയോജനകരാണ്. ത്രികക്ഷി കരാർ ഒപ്പുവച്ച് ശബരി റെയിൽവേ നടപ്പാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന റെയിൽവേ മന്ത്രിയും പ്രഖ്യാപിച്ചിരുന്നതാണ്. ശബരി റെയിൽവേക്ക് വേണ്ടി ത്രികക്ഷി കരാർ ഒപ്പിടില്ലെന്നും കിഫ്ബി ഫണ്ട് വഴി പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് പദ്ധതിയെ വീണ്ടും അനിശ്ചിതത്തിലാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സംസ്ഥാനത്തിന്റെ വായ്പാ പരിധി സംബന്ധിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കേസ് സുപ്രീം കോടതിയിൽ നടക്കുന്പോൾ ശബരി റെയിൽവേ കിഫ്ബി വഴി നടപ്പാക്കാൻ സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയർത്തുന്നത് സംബന്ധിച്ച് കേന്ദ്രവുമായി ചർച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണെന്ന് ശബരി റെയിൽവേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറഷൻ യോഗം വിലയിരുത്തി.
കേരളത്തിലെ 14 നഗരങ്ങൾക്ക് റെയിൽവേ സ്റ്റേഷനുകൾ ലഭ്യമാക്കുന്നതും വിഴിഞ്ഞം തുറമുഖത്തിലേക്കും സംസ്ഥാന തലസ്ഥാനത്തക്കും നീട്ടാവുന്നതും പുനലൂർ വഴി തമിഴ്നാട്ടിലേയ്ക്ക് പുതിയ റെയിൽപാത ലഭ്യമാക്കുന്നതുമായ അങ്കമാലി-എരുമേലി ശബരി റെയിൽവേ നിർമാണം വേഗത്തിലാക്കാൻ വിവാദങ്ങളൊഴിവാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു പ്രവർത്തിക്കണമെന്നാണ് ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറഷന്റെ ആവശ്യം.
ഡിജോ കാപ്പൻ, മുൻ എംഎൽഎ ബാബു പോൾ, ജിജോ പനച്ചിനാനി, എസ്. പദ്മകുമാർ, എ.കെ. ചന്ദ്രമോഹൻ, അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. പി.എ. സലിം, ജയ്സണ്‍ മാന്തോട്ടം, അഡ്വ. രാധാകൃഷ്ണ മേനോൻ, അഡ്വ. ആർ. മനോജ് പാലാ, സജി കുടിയിരിപ്പിൽ, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, അഡ്വ. എൻ. ചന്ദ്രമോഹൻ, ദിപു രവി, അഡ്വ. ഇ. എ. റഹിം, നൈറ്റ്സി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.