മൂലമറ്റം-കോട്ടമല റോഡ് ടെൻഡർ ഉടൻ: മന്ത്രി റോഷി
1488695
Friday, December 20, 2024 8:01 AM IST
മൂലമറ്റം: കോട്ടമല- മൂലമറ്റംറോഡ് നിർമാണത്തിന് ജനുവരിയോടെ ടെൻഡർ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ തലത്തിൽ പൂർത്തിയായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
റോഡിന്റെ അവശേഷിക്കുന്ന രണ്ടു കിലോമീറ്റർ ദൂരത്തെ ജോലിയാണ് പൂർത്തിയാകാനുള്ളത്. 6.80 കോടിയുടെ ഭരണാനുമതിയാണ് ഇതിനായി നൽകിയിരുന്നത്. 5.75 കോടിയുടെ എസ്റ്റിമേറ്റും തയാറാക്കി. ആദ്യ കരാറുകാരൻ ഉപേക്ഷിച്ചതിന് പിന്നാലെ മൂന്നു വട്ടം കരാർ വിളിച്ചെങ്കിലും സർക്കാർ നിശ്ചയിച്ച തുകയ്ക്ക് പ്രവൃത്തി ഏറ്റെടുക്കാൻ ആരും തയാറായില്ല. ഒടുവിൽ സിംഗിൾ ടെൻഡറായി ഒരാൾ എത്തിയെങ്കിലും എസ്റ്റിമേറ്റിനേക്കാൽ 19.25 ശതമാനം അധിക തുകയാണ് ഇയാൾ ക്വോട്ട് ചെയ്തത്.
പൊതുമരാമത്ത് വകുപ്പിന്റെ പക്കലുള്ള ഫയൽ ധനവകുപ്പിലേക്ക് അയച്ച് അഭിപ്രായം തേടിയിരിക്കുകയാണ്. പുതുവർഷത്തിൽ തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടമല റോഡിന്റെ നിർമാണത്തിൽ ഒരു അലംഭാവവും കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിരവധി കാരണങ്ങളാൽ നിർമാണ പ്രവൃത്തികൾ മുടങ്ങിക്കിടക്കുന്ന കോട്ടമല റോഡിനു വേണ്ടി വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതേത്തുടർന്നാണ് നടപടി സ്വീകരിക്കുവാൻ സർക്കാർ നിർബന്ധിതമായത്.