നിർദേശവുമായി ടണൽ സമരസമിതി ; മുല്ലപ്പെരിയാറിൽ ടണൽ നിർമാണം ഏക പോംവഴി
1488700
Friday, December 20, 2024 8:01 AM IST
തൊടുപുഴ: കേരളവും തമിഴ്നാടും തമ്മിൽ സമവായമുണ്ടായാൽ പുതിയ ടണൽ നിർമിക്കാൻ എല്ലാ സാങ്കേതിക സഹായവും നൽകാൻ സന്നദ്ധമാണെന്ന് സെൻട്രൽ വാട്ടർ കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ അജിത് കട്ടാറിയ അറിയിച്ചതായി മുല്ലപ്പെരിയാർ ടണൽ സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തമിഴ്നാടിന് ജലം കൊണ്ടുപോകാൻ മുല്ലപ്പെരിയാർ ഡാമിന്റെ ചുവട്ടിൽനിന്ന് 50 അടി ഉയരത്തിൽ പുതിയ ടണൽ നിർമിക്കുകയാണ് വേണ്ടത്. ഇതോടെ ഡാമിലെ ജലനിരപ്പ് പകുതിയിലും താഴെയെത്തിക്കാനും തമിഴ്നാടിന് കൂടുതൽ ജലം കൊണ്ടുപോകാനും കഴിയും. സംഭരണശേഷിയുടെ പകുതിയിൽ താഴെ മാത്രം ജലമുള്ള ഡാമുകളെ ഡീ കമ്മീഷൻ ചെയ്തവയായാണ് പരിഗണിക്കുന്നത്. ഇതിനു പകരം മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നത് ജനങ്ങളുടെ തലയ്ക്ക് മുകളിൽ മറ്റൊരു ജലബോംബ് പ്രതിഷ്ഠിക്കുന്നതിന് തുല്യമാണെന്ന് സമിതി കുറ്റപ്പെടുത്തി.
2014ലെ സുപ്രീംകോടതി വിധിയിൽ പുതിയ ടണൽ നിർമാണമാണ് ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ പിന്നീടുവന്ന സർക്കാരുകളൊന്നും ഈ സാധ്യത പരിഗണിച്ചില്ല. സുപ്രീംകോടതി നിർദേശിച്ച ടണൽ എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നവംബർ 24ന് സെൻട്രൽ വാട്ടർ കമ്മീഷന് കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ ഡാം എന്ന കേരളത്തിന്റെ പിടിവാശി ദുരൂഹമാണ്. മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിന് പുതിയ ടണൽ മാത്രമാണ് ഏക പരിഹാരം എന്നിരിക്കെ പുതിയ ഡാം പണിയുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ 40 ഓളം നിയമസഭാ മണ്ഡലങ്ങളിലുമുള്ള തമിഴ് വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനാണ് വിഷയത്തിൽ കൃത്യമായ പരിഹാരത്തിലേക്ക് പോകാൻ രാഷ്ട്രീയക്കാർ മടിക്കുന്നതിനു കാരണം. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് എറണാകുളം വൈപ്പിനിൽ ടണൽ സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന റിലേ സമരം 79 ദിവസം പിന്നിട്ടതായും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ടണൽ സമരസമിതി രക്ഷാധികാരി പ്രഫ. സി.പി. റോയി, പ്രസിഡന്റ് രമേശ് രവി, ട്രഷറർ ജൈവി മോഹൻ, ഡേവിഡ് അട്ടിപ്പേറ്റി, ബേബി ഐസക്, ഷിജിൻ തോമസ് എന്നിവർ പങ്കെടുത്തു.