പിഎംജിഎസ്വൈ കേരളത്തിന് പരിഗണന വേണം: എംപി
1488376
Thursday, December 19, 2024 7:38 AM IST
തൊടുപുഴ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. വടക്ക്-കിഴക്ക് സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രാധാന്യം കേരളത്തിലെയും ഇടുക്കി ലോക്സഭാ മണ്ഡലത്തിലെയും പിന്നാക്ക മേഖലകൾക്ക് നൽകുമോയെന്ന എംപിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം കേന്ദ്രം നൽകിയില്ല.
റോഡുകൾ ഇല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റോഡുകൾ നിർമിക്കാനും ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനും കൂടുതൽ പദ്ധതികൾ ഇടുക്കിയിൽ ആവശ്യമാണ്. പിന്നാക്ക മേഖലകളിൽ കൂടുതൽ റോഡുകൾ നിർമിച്ചു ഗ്രാമീണ ജീവിതം ശക്തിപ്പെടുത്തുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് പിഎംജിഎസ്വൈ പദ്ധതിക്ക് രൂപം നൽകിയത്.
ഇടുക്കിയിലെ ജനവാസമുള്ള എല്ലാ ഗ്രാമങ്ങളെയും സഞ്ചാരയോഗ്യമായ നിരത്തുകൾ വഴി ബന്ധിപ്പിക്കുന്നതിന് കൂടുതൽ പദ്ധതികൾ സർക്കാരിന് സമർപ്പിക്കും. ഇടുക്കിയിലെ റോഡ് ശൃംഖലയുടെ 90 ശതമാനവും ഗ്രാമീണ റോഡുകളാണെന്ന വസ്തുത കേന്ദ്ര സർക്കാർ കണക്കിലെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
കേരളത്തിൽ ആകെ 1421 കിലോമീറ്റർ റോഡുകൾ നിർമിക്കുന്നതിന് തുക അനുവദിച്ചതായി കേന്ദ്ര സർക്കാർ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി നൽകി. ഇതിൽ 463 കിലോമീറ്റർ ദൂരമാണ് പൂർത്തീകരിച്ചത്. 952 ദൂരത്തിൽ റോഡ് പദ്ധതികൾ ഇനി പൂർത്തീകരിക്കാൻ ഉണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതൽ റോഡ് പദ്ധതികൾ ഇടുക്കി മണ്ഡലത്തിൽ നിന്നും സമർപ്പിച്ചിട്ടുണ്ടെന്ന് എംപി അറിയിച്ചു.
പിഎംജിഎസ്വൈ റോഡുകളുടെ കുറഞ്ഞ നീളം 500 മീറ്ററും വീതി ആറുമീറ്ററും എന്നതാണ് നിബന്ധന. കെഎസ്എസ്ആർഡിഎ ആണ് പിഎംജിഎസ്വൈ പദ്ധതികളുടെ നിർവഹണ ഏജൻസി. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷം 138 കിലോമീറ്റർ റോഡുകൾ നിർമിക്കുന്നതിനാണ് കേന്ദ്ര സർക്കാർ തുക അനുവദിച്ചത്. ഇതിൽ 40 കിലോമീറ്റർ ദൂരത്തിൽ പദ്ധതികൾ പൂർത്തീകരിച്ചു. ബാക്കി റോഡുകളുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും എംപി പറഞ്ഞു. 2025 മാർച്ച് മാസത്തോടെ എല്ലാ റോഡുകളുടെയും നിർമാണം പൂർത്തീകരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.