ആധാരത്തില്‍ തിരിമറി; എഴുത്തുകാരന്റെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു
1488368
Thursday, December 19, 2024 7:38 AM IST
നെടുങ്കണ്ടം: വില്പന നടത്തിയ വസ്തുവിന്റെ ആധാരത്തില്‍ തിരിമറി നടത്തിയതായി പരാതി. ആധാരം എഴുത്തുകാരന്റെ ലൈസന്‍സ് സസ്പെൻഡു ചെയ്തു. മുണ്ടിയെരുമയിലെ ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തിലാണ് തിരിമറി നടന്നത്. മുണ്ടിയെരുമയില്‍ ആധാരമെഴുത്ത് സ്ഥാപനം നടത്തുന്ന കെ.എസ്. ശ്രീജിത്തിന്റെ ലൈസന്‍സാണ് താത്കാലികമായി സസ്പെൻഡ് ചെയ്തത്.
തൂക്കുപാലം സ്വദേശിയായ ശ്രീധരന്‍പിള്ളയുടെ പരാതിയിലാണ് നടപടി. ഇയാളുടെ ഉടമസ്ഥയില്‍ ഉണ്ടായിരുന്ന 60 സെന്റ് വസ്തുവില്നിന്ന് 15 സെന്റ് ഭൂമിയും വീടും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വില്പന നടത്തിയിരുന്നു. ശ്രീജിത്തിന്റെ സ്ഥാപനത്തിലാണ് ആധാരം എഴുതിയത്. ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീട് ബാക്കി ഉണ്ടായിരുന്ന ഭൂമിയില്‍ കൃഷിപ്പണിക്കായി എത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ശ്രീധരന് പിള്ളയ്ക്ക് മനസിലായത്. ഇയാളുടെ ഉടമസ്ഥയില്‍ ഉള്ള കുഴല്‍ കിണറും ഉള്‍പ്പെടുത്തിയാണ് ആധാരം തയാറാക്കിയിരുന്നത്.
ആധാരം എഴുത്ത് ഓഫീസില്‍ വായിച്ചു കേള്‍പ്പിച്ച ഡ്രാഫ്റ്റില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്താണ് രജിസ്ട്രേഷന് നടന്നത്. ഭൂമി സ്ഥിതി ചെയ്യുന്ന കര മാറ്റിയെഴുതി വിലകുറച്ചു കാണിക്കുകയും ചെയ്തു. ശ്രീധരന്‍പിള്ളയുടെ പരാതിയെത്തുടര്‍ന്ന് ജില്ലാ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയിലെ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്നാണ് എഴുത്തുകാരനെതിരേ നടപടി ഉണ്ടായത്. സമാനമായ തരത്തില്‍ നിരവധി തട്ടിപ്പുകള്‍ മേഖലയില്‍ നടന്നിട്ടുള്ളതായും സൂചനയുണ്ട്.