മന്ത്രിമാരുടെ താലൂക്ക്തല അദാലത്തുകൾ 19 മുതൽ
1487709
Tuesday, December 17, 2024 4:07 AM IST
ഇടുക്കി: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയിൽ 19 മുതൽ അടുത്തമാസം ആറുവരെ നടക്കും. 19ന് നടക്കേണ്ട തൊടുപുഴ താലൂക്ക് തല അദാലത്ത് ജനുവരി ആറിനും ഡിസംബർ 24ന് നടത്താനിരുന്ന ഇടുക്കി അദാലത്ത് 23ന് ഉച്ചയ്ക്കും നടത്തും.
മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി.എൻ. വാസവന്റെയും നേതൃത്വത്തിലാണ് അദാലത്തുകൾ. 20ന് ദേവികുളം, 21ന് പീരുമേട്, 23ന് രാവിലെ ഉടുന്പൻചോല, ഉച്ചയ്ക്കുശേഷം ഇടുക്കി, ജനുവരി ആറിന് തൊടുപുഴ എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ വഴിയോ ഓണ്‍ലൈൻ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നൽകാം. karuthal.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈൽ നന്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം.
നിശ്ചിതമേഖലയിലുള്ള പരാതികൾ മാത്രമാണ് സ്വീകരിക്കുക. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാം. പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ടറേറ്റുകളിൽനിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ചുനൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും.