സിഎച്ച്ആർ: സംയുക്ത സംഘടന മേഖലാ സമ്മേളനങ്ങൾ നടത്തും
1488177
Wednesday, December 18, 2024 8:11 AM IST
കട്ടപ്പന: ഏലമല പ്രദേശങ്ങൾ വനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന കേസിൽ, ഹൈറേഞ്ചിൽ പട്ടയം നൽകുന്നത് നിരോധിച്ചു സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ സിഎച്ച്ആർ പ്രദേശത്ത് ഉൾപ്പെടുന്ന കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കൃഷിക്കാരുടെയും വ്യാപാരികളുടെയും താമസക്കാരുടെയും നേതൃത്വത്തിൽ മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ കട്ടപ്പന ദർശന ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു.
ഇന്ന്, 19, 20 തീയതികളിലായി നടക്കുന്ന മേഖലാ സമ്മേളനങ്ങൾക്ക് ശേഷം മുഴുവൻ മുനിസിപ്പൽ ഡിവിഷനുകളും കേന്ദ്രീകരിച്ച് 2023ലെ കേന്ദ്ര വനനിയമ ഭേദഗതി നിയമത്തിന്റെ ആനുകൂല്യം തേടികൊണ്ടുള്ള പരാതികൾ സമർപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും.
സുപ്രീംകോടതിയുടെ ഇടക്കാല വിധി ആശങ്ക സൃഷ്ടിക്കുന്നതാണ്. ഏലമല പ്രദേശം മുഴുവൻ വനമായി പ്രഖ്യാപിക്കണമെന്നും 1980നു ശേഷം അവിടെ നൽകിയ മുഴുവൻ പട്ടയങ്ങളും റദ്ദ് ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.
വനനിയമ ഭേദഗതി അനുസരിച്ച് 1996 ഡിസംബർ 12ന് മുൻപ് ഈ പ്രദേശത്ത് വന ഇതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ള ഭൂമി വനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. ഈ ആനുകൂല്യം തേടി അപേക്ഷ നൽകുന്ന പ്രവർത്തനമാണ് മുനിസിപ്പൽ ഡിവിഷനുകളിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്.
യോഗത്തിൽ ബാബു പുളിമൂട്ടിൽ അധ്യക്ഷത വഹിച്ചു. വി.ബി. രാജൻ, സി.എസ്. രാജേന്ദ്രൻ, രതീഷ് വരകുമല, കെ.കെ. സുശീലൻ, ഷാജി പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.
മേഖലാ സമ്മേളനങ്ങൾക്കായി നാല് സംഘാടകസമിതികൾക്കും യോഗം രൂപം നൽകി.