കോണ്ക്രീറ്റില്ലാതെ ക്രാഷ് ഗാർഡ് സ്ഥാപിക്കുന്നതായി പരാതി
1488374
Thursday, December 19, 2024 7:38 AM IST
മുട്ടം: അപകടം ഉണ്ടാകുന്പോൾ റോഡിൽനിന്നു വാഹനങ്ങൾ താഴ്ചയിലേക്ക് മറിയാതിരിക്കാൻ സ്ഥാപിക്കുന്ന ക്രാഷ് ഗാർഡ് മണ്ണിട്ടുറപ്പിക്കുന്നതായി പരാതി. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മുട്ടം മുതൽ കോളപ്ര വരെയുള്ള അപകട സാധ്യതാ മേഖലയിലാണ് കുഴിക്കുള്ളിൽ കോണ്ക്രീറ്റ് മിശ്രിതം ഇടാതെ മണ്ണും കല്ലുമിട്ട് ക്രാഷ് ഗാർഡ് ഉറപ്പിക്കുന്നത്.
മണ്ണിട്ട് കുഴി നികത്തിയാൽ വേണ്ടത്ര ഉറപ്പ് ക്രാഷ് ഗാർഡിന് ലഭിക്കില്ല. അപകടസമയം വാഹനങ്ങൾ ക്രാഷ് ഗാർഡിൽ ഇടിച്ചാൽ മണ്ണിട്ടുറപ്പിച്ചാൽ അത് മറിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. ഏഴാം മൈൽ ജംഗ്ഷന് സമീപം ചെറിയ ദൂരം മണ്ണിട്ട് നേരത്തേ ക്രാഷ് ഗാർഡ് സ്ഥാപിച്ചിരുന്നു. ഇതേ സ്ഥലത്ത് കാർ ഇടിച്ചപ്പോൾ ക്രാഷ് ഗാർഡ് പൂർണമായും മറിഞ്ഞുപോയിരുന്നു. തലനാരിഴയ്ക്കാണ് വാഹനം താഴ്ചയിലേക്ക് മറിയാതെ രക്ഷപ്പെട്ടത്.
മുട്ടം മുതൽ കോളപ്ര വരെ നിരവധി വാഹനാപകടങ്ങൾ ഉണ്ടാക്കുകയും അത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് ഈ ഭാഗത്ത് സുരക്ഷാസംവിധാനം ഒരുക്കാൻ അധികൃതർ നിർബന്ധിതമായത്.
അടുത്തിടെ റിഫ്ളക്ടറുകളും ഹബ്ബുകളും റെഡ് സിഗ്നലും സ്ഥാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ക്രാഷ് ഗാർഡ് സ്ഥാപിക്കുന്നത്. ശങ്കരപ്പിള്ളി ഭാഗത്ത് നിരവധി വാഹനങ്ങളാണ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടങ്ങളുടെ തീവ്രത കുറയ്ക്കാനാണ് റോഡരികിൽ താഴ്ചയുള്ള ഭാഗങ്ങളിൽ ക്രാഷ് ഗാർഡ് സ്ഥാപിക്കുന്നത്.
എന്നാൽ നിലവിൽ സ്ഥാപിക്കുന്ന ക്രാഷ് ഗാർഡുകൾക്ക് കോണ്ക്രീറ്റ് മിശ്രിതം ഇടാറില്ലെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. നേരത്തേ കോണ്ക്രീറ്റ് മിശ്രിതമാണ് ഇത് ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. അങ്ങനെ ചെയ്തിരുന്നപ്പോൾ അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ക്രാഷ് ഗാർഡിൽ ഇടിച്ചുതകർന്നിരുന്നു. അത് അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. മണ്ണിട്ട് ഉറപ്പിക്കുന്പോൾ ക്രാഷ് ഗാർഡ് ചെരിയുകയും വാഹനം വലിയ അപകടത്തിലേക്ക് പോകാതെ സുരക്ഷിതമാകുകയും ചെയ്യും.