വനംനിയമ ഭേദഗതി: കർഷകരുടെ മരണമണി: പി.സി. ജോസഫ്
1488171
Wednesday, December 18, 2024 8:11 AM IST
തൊടുപുഴ: വനം നിയമ ഭേദഗതി മലയോര കർഷകരുടെ മരണമണിയാണെന്ന് മുൻ എംഎൽഎ പി.സി. ജോസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു രൂപാ പോലും നഷ്ടപരിഹാരം നൽകാതെ പാവപ്പെട്ട കർഷകരുടെ പട്ടയസ്ഥലം ഏറ്റെടുത്തു വനമാക്കി മാറ്റാനുള്ള അധികാരം വനം വകുപ്പിന് നൽകുന്ന ഇഎഫ്എൽ നിയമവും വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ബഫർ സോണ്‍ പ്രഖ്യാപനത്തിന് സുപ്രീം കോടതിയിൽ ശുപാർശ നൽകിയപ്പോൾ വനംവകുപ്പ് കാണിച്ച ഇരട്ടത്താപ്പും കർഷക ദ്രോഹമാണ്.
ഏറ്റവും താഴ്ന്ന റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനും പോലും ഒരാളെ സംശയത്തിന്റെ പേരിർ അറസ്റ്റു ചെയ്യാൻ അധികാരം നൽകുന്ന വനംനിയമ ഭേദഗതി നിർദേശം മനുഷ്യത്വ രഹിതമാണ്.
വാറണ്ടില്ലാതെ വീടോ സ്ഥലമോ വാഹനമോ പരിശോധിക്കാനും ഈ ഭേദഗതി അധികാരം നൽകുന്നു. വനംവകുപ്പിനെതിരേ സമരം ചെയ്താലും സമൂബ മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞാലും അറസ്റ്റു ചെയ്യാൻ സാധിക്കും.
എതിർക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നിശബ്ദരാക്കാനുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നിലുള്ളത്. വനംവകുപ്പ് സമാന്തര സർക്കാരായി മാറാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും പി.സി. ജോസഫ് പറഞ്ഞു.
പത്രസമ്മേളനത്തിൽ ജനാധിപത്യ കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മെംബർ എം.ജെ. ജോണ്‍സണും പങ്കെടുത്തു.