മുൻകാല സർവീസ് പരിഗണിക്കണമെന്ന ആവശ്യവുമായി റിട്ട. ജീവനക്കാരൻ
1488378
Thursday, December 19, 2024 7:38 AM IST
തൊടുപുഴ: പെൻഷൻ അനുവദിക്കുന്പോൾ മുൻകാല സർവീസും പരിഗണിക്കണമെന്ന ആവശ്യവുമായി വഴിത്തല സ്വദേശി കുരിശിങ്കൽ മാമ്മൻ ജോസഫ് ഓഫീസുകൾ കയറിയിറങ്ങുന്നു. 1997- മുതൽ തിരുവനന്തപുരം വികസന അഥോറിറ്റിയിൽ (ട്രിഡ) ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് 2009-ൽ അപകടത്തെത്തുടർന്നു കാഴ്ച നഷ്ടപ്പെട്ടിരുന്നു.
തുടർന്നു എട്ടുവർഷത്തോളം ശന്പളമില്ലാതെ മെഡിക്കൽ ലീവിലായിരുന്നു. പിന്നീട് സർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരം 2020-ൽ സർവീസിൽനിന്നു വിരമിച്ചു. എന്നാൽ വിരമിച്ചപ്പോൾ ട്രിഡയിലെ സർവീസ് മാത്രം പരിഗണിച്ചാണ് പെൻഷൻ അനുവദിച്ചത്. എന്നാൽ ട്രിഡയിൽ നിയമനം ലഭിക്കുന്നതിനു മുന്പ് ജലസേചന വകുപ്പിലും വ്യവസായ പരിശീലന വകുപ്പിലും പിഎസ്സി വഴി നിയമനം ലഭിച്ച് ഏഴുവർഷത്തിലേറെ ജോലി ചെയ്തിരുന്നു. ഈ സർവീസ് കൂടി പരിഗണിച്ച് പെൻഷൻ നൽകണമെന്ന് ഓഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്നു സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്കു നൽകിയ പരാതിയിൽ മുൻകാല സർവീസ് പരിഗണിച്ച് പെൻഷൻ അനുവദിക്കണമെന്ന് ഉത്തരവ് നൽകുകയും ചെയ്തു. രണ്ടുമാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മാമ്മൻ ജോസഫ് ആവശ്യപ്പെടുന്നത്.