വനനിയമം കാടത്തം: കേരള കോണ്‍. (എം)
1488178
Wednesday, December 18, 2024 8:11 AM IST
ചെറുതോണി: വനനിയമ ഗേദഗതി ശിപാർശകൾ കർഷകരെ പ്രതികൂലമായി ബാധിക്കുന്നതും നിറയെ കാടത്തം നിറഞ്ഞതുമാണെന്ന് കേരള കോണ്‍ഗ്രസ്(എം) ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല ആരോപിച്ചു. ഉദ്യോഗസ്ഥതലത്തിൽ മാത്രം നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുള്ള നിർദേശങ്ങൾ പിൻവലിക്കണം.
യോഗത്തിൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിബിച്ചൻ തോമസ്, മനോജ് എം. തോമസ്, ജോസ് കുഴികണ്ടം, ടി.പി. മൽക്ക, കെ.എൻ. മുരളി, ഷിജോ തടത്തിൽ, ജയിംസ് മ്ലാക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കും: എൻസിപി
ഇടുക്കി: കേരള വനഭേദഗതി ബില്ലിൽ മലയോര മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ആശങ്ക പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കർഷകർക്ക് എതിരായുള്ള ഒരു നിയമവും പാസാക്കില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പുനൽകിയതായി എൻസിപി ജില്ലാ നേതാക്കൾ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ടി. മൈക്കിൾ, സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, സംസ്ഥാന എക്സിക്യൂട്ടീവംഗങ്ങളായ സിനോജ് വള്ളാടി, അരുണ്‍ പി. മാണി എന്നിവർ മന്ത്രി എ. കെ. ശശീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്നും നേതാക്കൾ പറഞ്ഞു.
വനംമന്ത്രി മാപ്പുപറയണം:അഗസ്റ്റിൻ വട്ടക്കുന്നൻ
തൊടുപുഴ: വനനിയമ ഭേദഗതി കടുത്ത കർഷക ദ്രോഹമാണെന്നും ഇതു നിരുപാധികം പിൻവലിക്കണമെന്നും കേരള കോണ്‍ഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഗസ്റ്റിൻ വട്ടക്കുന്നൻ ആവശ്യപ്പെട്ടു.
വന്യമൃഗ ശല്യംമൂലം കർഷകർക്ക് ജീവനും സ്വത്തും നഷ്ടപ്പെടുന്നത് തുടർക്കഥയാണ്. വന്യമൃഗങ്ങൾ ജനവാസമേഖലയിൽ നടത്തുന്ന ഉപദ്രവങ്ങൾക്ക് ഉത്തരവാദികൾ വനംവകുപ്പാണ്. ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. നിലവിലുള്ള വനംനിയമ ഭേദഗതി പിൻവലിച്ച് വനംമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്നും വട്ടക്കുന്നൻ ആവശ്യപ്പെട്ടു.
വനനിയമം; കേരള കോണ്‍. ധര്‍ണ 20ന്
നെടുങ്കണ്ടം: വനനിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരേ കേരള കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. പാര്‍ട്ടി ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് കല്ലാര്‍, ചിന്നാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. 1961 ലെ വനനിയമം ഭേദഗതി ചെയ്ത് അമിതമായ അധികാരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നൽകാനാണ് ശ്രമിക്കുന്നത്.
20ന് രാവിലെ 10ന് നടക്കുന്ന ധര്‍ണ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കളായ ജോജി ഇടപ്പള്ളിക്കുന്നേല്‍, ജോസ് പൊട്ടംപ്ലാക്കല്‍, എം.ജെ. കുര്യന്, ജോയി കണിയാമ്പറമ്പില്‍, പി.ജി. പ്രകാശ്, സണ്ണി പട്യാലില്‍ എന്നിവര്‍ അറിയിച്ചു.
വനംവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം
നെടുംകണ്ടം: വനംവകുപ്പിന് അമിതമായ അധികാരം നല്കുന്ന തരത്തിൽ 1961ലെ വന നിയമം മാറ്റി എഴുതുകയും കർഷ ജനതയെ കുടിയൊഴിപ്പിക്കാനുള്ള പരിസ്ഥിഥിതി വാദികളുടെ ഗുഢതന്ത്രത്തിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന വനംമന്ത്രിയുടെ നടപടി അംഗികരിക്കാൻ കഴിയില്ലെന്ന് ജാനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി.
വനംവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ജനാധിപത്യകേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോസ് ഞായർകുളം, അഡ്വ. മിഥുൻ സാഗർ തുടങ്ങിയവർ പ്രസംഗിച്ചു.