കുമളിയിലെ പരസ്യബോർഡുകൾ നീക്കി
1488373
Thursday, December 19, 2024 7:38 AM IST
കുമളി: ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് കുമളി ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള രാഷ്ട്രീയ പാർട്ടികളുടെ അടക്കമുള്ള പരസ്യ ബോർഡുകളും കൊടിതോരണങ്ങളും പഞ്ചായത്ത് നീക്കം ചെയ്തു തുടങ്ങി. പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാറിന്റെ നേതൃത്വത്തിൽ പോലീസിന്റെ സംരക്ഷണത്തിലാണ് നടപടികൾ.
പാർട്ടികളുടെ കൊടികൾ നീക്കം ചെയ്തെങ്കിലും കൊടികൾ ഉയർത്തിയിരുന്ന ഇരുന്പ് പൈപ്പുകളും കടകളുടെ മുന്നിൽ റോഡിലേക്ക് തള്ളി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും നീക്കംചെയ്യുന്നത് ഏറെ ശ്രമകരമായതിനാൽ മാറ്റിയിട്ടില്ല. ഇവയും താമസിയാതെ മാറ്റുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഫുട്പാത്തിലാണ് മിക്ക സ്ഥാപനകളുടെയും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം കൈയേറ്റങ്ങളും ബോർഡുകളും കാൽ നടക്കാർക്ക് ഭീഷണിയാണ്. ഫുട്പാത്തിലൂടെ നടക്കുന്നവരുടെ തലയും ശരീരവും ഇത്തരം ബോർഡുകളിൽ തട്ടി പരിക്കേൽക്കുന്നത് പതിവാണ്. തല ബോർഡിൽ തട്ടാതെ നോക്കേണ്ട ഗതികേടിലാണ് കാൽ നടക്കാർ.
ശബരിമല സീസണ് ആരംഭിച്ചതോടെ കടകളും ഒപ്പം ബോർഡുകളും പെരുകി. റോഡിലിറക്കിയാണ് മിക്ക ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്. ദേശീയപാത വിഭാഗം സ്ഥാപിച്ച മിക്ക ദിശാബോർഡുകളും കാണാനില്ല. ഇവ മിക്കതും താത്കാലിക കച്ചവടക്കാർ മാറ്റി. ബോർഡ് ഉണ്ടെങ്കിൽ തന്നെ അതിന് മുകളിൽ താത്കാലിക കടകളുടെ ബോർഡുകളും പടുതയും കയറും എല്ലാമുണ്ട്. മിക്ക കടകളുടേയും കെട്ടിടത്തിന് മുകളിലുള്ള ബോർഡുകൾ ഒന്നും രണ്ടും മീറ്റർ റോഡിലേക്ക് തള്ളിയാണുള്ളത്.