മാലിന്യമുക്തമാക്കി കലയന്താനി സ്കൂളിന്റെ ഹരിതവഴി
1488699
Friday, December 20, 2024 8:01 AM IST
തൊടുപുഴ: ക്ലാസ് മുറികളിലും പരിസരത്തും വൃത്തിയും വെടിപ്പും ഉറപ്പാക്കിയതിലൂടെ കലയന്താനി സെന്റ് ജോർജ് ഹൈസ്കൂൾ ഹരിതമായി. മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി സ്കൂളിനെ ആലക്കോട് പഞ്ചായത്തും ഹരിതകേരളം മിഷനും ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. ഹരിത കേരളം മിഷൻ നടത്തിയ വിലയിരുത്തലിൽ നൂറു മാർക്കു നേടിയാണ് സ്കൂൾ ഹരിതമായത്.
സ്വന്തമായി പച്ചക്കറിത്തോട്ടം, പൂന്തോട്ടം, മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറൽ എന്നിവ നടപ്പാക്കി. ഇടയ്ക്ക് ഹരിതകർമ സേനാംഗങ്ങൾക്കൊപ്പം കുട്ടികളെ പാഴ്വസ്തു ശേഖരിക്കുന്നതിന് വീടുകളിലേക്കും വിടാറുണ്ട്. ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിലാണ് നേതൃത്വം നൽകുന്നത്.