സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു; മാത്യു കുഴല്നാടന്
1488185
Wednesday, December 18, 2024 8:12 AM IST
നെടുങ്കണ്ടം: വന്യമൃഗങ്ങള്‍ മനുഷ്യരെ പിച്ചി ചീന്തുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരം നല്‍കിയുള്ള വന നിയമ ഭേദഗതി ഇതിന് ഉദാഹരണമാണെന്നും നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടംപുഴയിലും ചിന്നക്കനാലിലും മൂന്നാറിലും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ആളുകളാണ് മരിച്ചത്. വന്യമൃഗങ്ങളുടെ ശല്യത്തില്‍നിന്നു കര്‍ഷകരെ രക്ഷിക്കുന്നതിന് പകരം വന്യമൃഗങ്ങള്‍ക്ക് സുരക്ഷയൊരുക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാരും വനംവകുപ്പും.
ധൃതിപിടിച്ച് കാബിനറ്റ് അംഗീകാരത്തോടെ വനനിയമം ഭേദഗതി ചെയ്ത് ഉദ്യോഗസ്ഥര്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് ഒരുക്കുകയാണ് സര്‍ക്കാര്‍. ഇടുക്കിയിൽനിന്നുള്ള മന്ത്രി റോഷി അഗസ്റ്റിന് ഉള്‍പ്പെട്ട കാബിനറ്റാണ് ഈ തീരുമാനം എടുത്തത്.
വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വരുന്ന ചര്‍ച്ചകളില്‍ മന്ത്രിമാര്‍ പുച്ഛത്തോടെയാണ് മറുപടി പറയുന്നതെന്നും ജില്ലയിലെ കുടിയേറ്റ കര്‍ഷകരെ കൈയേറ്റക്കാരായി മാത്രമാണ് ഇവര്‍ കാണുന്നതെന്നും മാത്യു കുഴല്നാടന് ആരോപിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് അഡ്വ. എം.എന്‍. ഗോപി അധ്യക്ഷത വഹിച്ചു.
നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, തോമസ് രാജന്, ജോയി വെട്ടിക്കുഴി, അഡ്വ. സേനാപതി വേണു, മുകേഷ് മോഹനന്, സി.എസ്. യശോദരന്, വി.എ. ജോസഫ്, പി.കെ. ഷാജി, അഡ്വ. പി.ആര്. കുറുപ്പ്, കെ.എ. മാത്യു, ഷിഹാബ് പരീത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി പടിഞ്ഞാറേക്കവലയില്നിന്നു പ്രകടനവും നടന്നു.