ജില്ലയിൽ ഗതാഗത നിയമലംഘനം: പിഴത്തുക കുടിശിക വർധിക്കുന്നു
1488184
Wednesday, December 18, 2024 8:12 AM IST
തൊടുപുഴ: ജില്ലയിൽ മോട്ടോർ വാഹനവകുപ്പും പോലീസും ഗതാഗത നിയമലംഘനങ്ങൾക്ക് നൽകുന്ന പിഴത്തുകയുടെ കുടിശിക വർധിച്ചതോടെ ആളുകളെ ബോധവത്കരിക്കണമെന്ന നിർദേശവുമായി പോലീസ് അധികൃതർ.
ഗതാഗത നിയമലംഘനങ്ങളിൽ പിടികൂടുന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അപ്പോൾതന്നെ പിഴയൊടുക്കാനുള്ള ശ്രമം നടത്തണമെന്നാണ് പ്രധാന നിർദേശം. പണം അടയ്ക്കുന്നതിനു ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യുപിഐ എന്നീ സംവിധാനങ്ങളും പ്രയോജനപ്പെടുത്തണം.
നേരത്തേയുള്ള പിഴത്തുകയുടെ കുടിശിക ഇ-പോസ് മെഷീനിലെ ഓൾഡ് ചെല്ലാൻ കോന്പൗണ്ട് എന്ന ഓപ്ഷനിലൂടെ അടയ്ക്കാൻ സൗകര്യവും ഏർപ്പെടുത്തണം. പിഴത്തുക കുടിശികയായി പിന്നീട് വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അപ്പോൾ തന്നെ പണമടയ്ക്കുന്നതു ഗുണകരമാണെന്നും ആളുകളെ അറിയിക്കണം.
പിഴപ്പണമായി നേരിട്ട് അടയ്ക്കുന്നതൊഴിവാക്കാൻ പരമാവധി ശ്രമിക്കുകയും വേണം. വാഹനങ്ങളുടെ പിഴത്തുക അടയ്ക്കാൻ പോലീസ് സ്റ്റേഷനുകളിൽ വരുന്നവരെ കോടതിയിൽ അടയ്ക്കണമെന്നു പറഞ്ഞ് മടക്കി അയയ്ക്കാതെ ഇവിടെത്തന്നെ അതിനുള്ള സംവിധാനം ഒരുക്കുകയും ഇക്കാര്യം ഡ്യൂട്ടിയിലുള്ള പിആർഒ, റൈറ്റർ തുടങ്ങിയവർക്ക് നിർദേശം നൽകുകയും വേണം.
നാളുകളായ ചെല്ലാനുകൾ അക്ഷയ സെന്ററുകൾവഴി വെർച്വൽ കോർട്ട് സൈറ്റിൽ അടയ്ക്കാൻ സാധിക്കുമെന്ന വിവരവും 60 ദിവസത്തിനുമുന്പാണെങ്കിൽ വാഹന ഉടമയ്ക്ക് സ്വന്തമായി അടയ്ക്കുവാൻ സാധിക്കുമെന്നതും വാഹനപരിശോധനാവേളയിൽ ഓഫീസർമാർ ബോധ്യപ്പെടുത്തണം.
സംസ്ഥാനത്ത് ഏതു പോലീസ് സ്റ്റേഷനുകളിൽനിന്നും ലഭിച്ച ചെല്ലാനുകളും പോലീസിന്റെ ഇ-പോസ് മെഷീനിൽ ഓൾഡ് ചെല്ലാൻ കോന്പൗണ്ട് എന്ന ഓപ്ഷനിലൂടെ അടയ്ക്കാനാകും. ജില്ലയിൽ കാമറകളിലൂടെ മാത്രം കണ്ടെത്തിയ നിയമലംഘനങ്ങളിൽ 36,762 ചെല്ലാനുകളിലായി 1,91,80,500 രൂപയുടെ കുടിശികയുള്ളത്. നൽകിയ പിഴയിൽ 83.01 ശതമാനവും കുടിശികയാണ്. ഇതിൽ ഏറ്റവും കൂടുതൽ കട്ടപ്പനയിലാണ്. ഇവിടെ 10,598 ചെല്ലാനുകളിലായി 51,49,250 രൂപയും കുടിശികയാണ്.
വാഗമണ് പോലീസ് സ്റ്റേഷൻ പരിധിയിൽ 12,89,750 രൂപയും ഉടുന്പൻചോലയിൽ 6,01,001, കട്ടപ്പന-4,44,500, മൂന്നാർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്-2,98,1250, മൂന്നാർ 8,94,250, പീരുമേട്-6,92,000, നെടുംകണ്ടം-5,91,500 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പിഴത്തുക. അതേ സമയം വാഹന ഉടമകൾക്ക് യഥാസമയം നോട്ടീസ് ലഭിക്കാത്തതിനാൽ വിവരം അറിയാത്ത സാഹചര്യവുമുണ്ട്. പിഴയടയ്ക്കാൻ പോലീസ് സ്റ്റേഷനുകളിൽ സൗകര്യം ഏർപ്പെടുത്താത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.